സുപ്രീം കോടതി ഉത്തരവിന് പിറകെ മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

Posted on: September 8, 2019 6:49 pm | Last updated: September 8, 2019 at 10:06 pm

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന് സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും കത്ത് നല്‍കി. സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന് പിറകെയാണ് സര്‍്ക്കാര്‍ നടപടി. പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് മരട് നഗരസഭക്ക് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസം ജില്ലാ കലക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

തീരദേശ പരിപാലന നിയമം ലംഘിച്ച് കാലയോരത്ത് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം 20നകം പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയിരുന്നു. 20നകം ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നയിപ്പും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പൊളിച്ചു നീക്കല്‍ നടപടി തുടങ്ങിയത്.