കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: ജോയ്‌സ് ജോര്‍ജിന്റെ പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി

Posted on: September 8, 2019 3:58 pm | Last updated: September 8, 2019 at 10:06 pm

ഇടുക്കി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ഇടുക്കി മുന്‍ എം പി. ജോയ്‌സ് ജോര്‍ജ്ജിന് കനത്ത തിരിച്ചടി. ജോയ്സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കലക്ടര്‍ രേണു രാജ് റദ്ദാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് നടപടി. ബ്ലോക്ക് നമ്പര്‍ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകള്‍ ആണ് റദ്ദ് ചെയ്തത്.

20 ഏക്കര്‍ ഭൂമി വ്യാജരേഖയില്‍ കൈയേറിയെന്നാണ് ജോയിസിനെതിരായ ആരോപണം. 2017 നവംബറില്‍ ജോയ്‌സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കലക്ടര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇടുക്കി കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കേസ് ഹൈക്കോടതിയിലും ഉണ്ടായിരുന്നു. അപ്പീലിനെ തുടര്‍ന്ന് വീണ്ടും വിശദമായ തെളിവെടുപ്പ് നടത്തിയ ശേഷമാണ് സബ് കലക്ടറുടെ നടപടി.