വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തി; ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തി

Posted on: September 8, 2019 2:40 pm | Last updated: September 8, 2019 at 10:06 pm

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയതായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍. ലാന്‍ഡറിന്റെ തെര്‍മല്‍ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ലാന്‍ഡറുമായുള്ള ആശയ വിനിമയ സംവിധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഇതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ ലാന്‍ഡറും ഐ എസ് ആര്‍ ഒ കേന്ദ്രവും തമ്മിലുള്ള ആശയ വിനിമയ ബന്ധം നഷ്ടമാവുകയായിരുന്നു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ മുകളില്‍ വച്ചാണ് ലാന്‍ഡറിന്റെ ഗതി മാറിയതെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ കൂടുതല്‍ പരിശോധനയില്‍ ചന്ദ്രോപരിതലത്തിന് 350 മീറ്റര്‍ മുകളില്‍ നിന്നാണ് ലാന്‍ഡറില്‍ നിന്നുള്ള അവസാന സന്ദേശം എത്തിയതെന്ന് കണ്ടെത്തി. അതുവരെയുള്ള സന്ദേശങ്ങള്‍ കൃത്യമായി ലഭിച്ചിട്ടുണ്ട്.

ദക്ഷിണ ധ്രുവം ഇരുള്‍ നിറഞ്ഞ മേഖലയായതിനാല്‍ വ്യക്തമായ ചിത്രം ലഭിക്കുന്നതിന് സാധ്യത കുറവാണ്. പേടകത്തില്‍ നിന്നുള്ള ഇന്‍ഫ്രാറെഡ് റേഡിയേഷനെ അടിസ്ഥാനമാക്കിയുള്ള തെര്‍മല്‍ ഇമേജിലാണ് ശാസത്ര ലോകം പ്രതീക്ഷ പുലര്‍ത്തുന്നത്. രാത്രിയിലെ കാഴ്ച സാധ്യമാക്കുന്ന തെര്‍മല്‍ ഇമേജിങ് വഴി ലഭിക്കുന്ന ചിത്രങ്ങള്‍ ലാന്‍ഡറിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ സഹായിക്കും. ലാന്‍ഡറിന് തകറാര്‍ സംഭവിച്ചിട്ടുണ്ടോ എന്നും ഈ ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതിനലൂടെ വ്യക്തമാകും.

ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് തന്നെയാണ് നടത്തിയതെന്നാണ് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത്. ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ കമ്യൂണിക്കേഷന്‍ തുടരുന്നത് ഇതിന്റെ തെളിവാണെന്ന് വിദഗ്ധര്‍ പറയുന്നു.