ജുഡീഷ്യറിയെയും സര്‍ക്കാറിനെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കാണാനാകില്ല: ജസ്റ്റിസ് ദീപക് ഗുപ്ത

Posted on: September 8, 2019 1:24 pm | Last updated: September 8, 2019 at 6:07 pm

ന്യൂഡല്‍ഹി: ജുഡീഷ്യറിയെയും സര്‍ക്കാറിനെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കാണാനാകില്ലെന്ന് സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത. അഭിപ്രായ സ്വാതന്ത്ര്യം വിവേചന സ്വാതന്ത്ര്യം എന്നിവക്കൊപ്പം വിയോജിക്കാനുള്ള അവകാശവും പൗരന് ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യവും രാജ്യദ്രോഹവും എന്ന വിഷയത്തില്‍ അഭിഭാഷകര്‍ക്കായി അഹമ്മദാബാദില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിയോജിക്കാനുള്ള അവകാശം ഏറെ പ്രാധാന്യമുള്ളതാണ്. നിയമ ലംഘനമാകുന്നതോ സ്പര്‍ധക്ക് ഇടയാക്കുന്നതോ അല്ലാത്ത വിയോജിപ്പുകളാവാമെന്നും സര്‍ക്കാറിനെ ഭയപ്പെടാതിരിക്കുക എന്നതാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ബ്യൂറോക്രസി, സായുധസേന എന്നിവക്കെതിരായ വിമര്‍ശനങ്ങളെ രാജ്യദ്രോഹമായി കാണാനാകില്ല. അവയെ അടിച്ചമര്‍ത്താന്‍ തുനിഞ്ഞാല്‍ ജനാധിപത്യത്തിനു പകരം പോലീസ് രാജാണ് നടപ്പിലാവുക.

അഭിപ്രായ പ്രകടനങ്ങളും വിമര്‍ശനങ്ങളും തടയാനായി ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പിലാക്കിയതാണ് രാജ്യദ്രോഹ നിയമം. ഗാന്ധിജിക്കെതിരെ പോലും അവര്‍ ഈ നിയമം ഉപയോഗിച്ചു. സമൂഹത്തില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, മുദ്രാവാക്യങ്ങളും ബഹളം വെക്കലും മാത്രമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. സര്‍ക്കാറിന്റെ നിലപാടിനോട് ഒരു പൗരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചെന്നു കരുതി അയാളെ രാജ്യേേദ്രാഹിയായി കണക്കാക്കുന്ന പ്രവണത ശരിയല്ല. ന്യൂനപക്ഷത്തിനും അഭിപ്രായം പ്രകടിപ്പിക്കാനും നിലപാടുകള്‍ മുന്നോട്ടു വെക്കാനും അവകാശമുണ്ടെന്നതിനാല്‍ ഭൂരിപക്ഷാഭിപ്രായം നിയമമാക്കാന്‍ കഴിയില്ല. ദേശീയ ഗാന ആലപിക്കുന്ന സമയത്ത് എഴുന്നേല്‍ക്കാന്‍ നിങ്ങള്‍ക്ക് നിര്‍ബന്ധിക്കാം. എന്നാല്‍ ഹൃദയത്തില്‍ ബഹുമാനം കൊണ്ടുവരാന്‍ സാധിക്കില്ല.

സമൂഹത്തിലെ ഏറെ സ്വീകാര്യമായ പരമ്പരാഗത പെരുമാറ്റച്ചട്ടങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതിലൂടെയാണ് പുതിയ ചിന്തകര്‍ പിറക്കുന്നത്. പരമ്പരാഗത വഴികളിലൂടെ മാത്രം നടന്നാല്‍ പുതിയ വാതിലുകള്‍ തുറക്കപ്പെടില്ല. ജുഡീഷ്യറിയും വിമര്‍ശനത്തിന് അതീതമല്ലെന്നും സുപ്രീം കോടതി ജഡ്ജിയെന്ന നിലയിലല്ല, വ്യക്തിപരമായണ് ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദീപക് ഗുപ്ത കൂട്ടിച്ചേര്‍ത്തു.