മോട്ടോര്‍ വാഹന ചട്ട ലംഘനം: പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് കോടിയേരി

Posted on: September 8, 2019 12:32 pm | Last updated: September 8, 2019 at 7:13 pm

തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ട ലംഘനങ്ങള്‍ക്കുള്ള പിഴ കൂട്ടിയ നടപടി അശാസ്ത്രീയമാണെന്നും ഇതിനു പകരം നിയമം കര്‍ശനമായി നടപ്പിലാക്കുകയാണ് ചെയ്യേണ്ടതെന്നുമുള്ള നിലപാടുമായി സി പി എം. ഉയര്‍ന്ന പിഴയീടാക്കുന്നത് വിപരീത ഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതിയുടെ കാര്യത്തില്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ഗതാഗത വകുപ്പ് പരിശോധിക്കേണ്ടതുണ്ട്. ചില സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കിയിട്ടില്ല. വന്‍ അഴിമതിക്ക് ഇടയാക്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്ന് കോടിയേരി ആരോപിച്ചു. പതിനായിരം രൂപ പിഴയൊടുക്കേണ്ടിടത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥന് അയ്യായിരം രൂപ കൈക്കൂലിയായി കൊടുത്ത് ആളുകള്‍ ഊരിപ്പോരാന്‍ ശ്രമിക്കും. ഇതിലൂടെ പിഴത്തുക സര്‍ക്കാരിന് കിട്ടുകയില്ലെന്ന് മാത്രമല്ല, അഴിമതിക്ക് സൗകര്യമൊരുക്കുകയും ചെയ്യും. കോടിയേരി പറഞ്ഞു.

അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്ര, രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ നിയമം നടപ്പിലാക്കാത്തത്. നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളുടെ നീക്കം.