Connect with us

National

ഭാവി പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കും; ഗഗന്‍യാന്‍ ദൗത്യം മുടങ്ങില്ല: ഐ എസ് ആര്‍ ഒ

Published

|

Last Updated

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ രണ്ടിനെ ചന്ദ്രനില്‍ ഇറക്കാനുള്ള ശ്രമത്തില്‍ നേരിട്ട ചെറിയ തിരിച്ചടി ഭാവി പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഐ എസ് ആര്‍ ഒ. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുക ലക്ഷ്യമിട്ടുള്ള “ഗഗന്‍യാന്‍” ദൗത്യവും മറ്റ് സാറ്റലൈറ്റ് ദൗത്യങ്ങളും മുടക്കമില്ലാതെ മുന്നോട്ടു പോകും. 2022ലാണ് ഗഗന്‍യാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്.

ചന്ദ്രയാന്റെതും ഗഗന്‍യാനിന്റെതും വ്യത്യസ്ത ദൗത്യങ്ങളാണ്. അതുകൊണ്ടു തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളും വ്യത്യസ്തമാണ്. മനുഷ്യരെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനും അവരെ സുരക്ഷിതമായി ഭൂമിയില്‍ തിരികെ എത്തിക്കാനും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് “ഗഗന്‍യാന്‍” പദ്ധതി.
“ഗഗന്‍യാന്‍ ദൗത്യത്തിന് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും ഓരോ ദൗത്യവും ഓരോ തരത്തിലുള്ളതാണെന്നും ബംഗളുരുവിലെ ഐ എസ് ആര്‍ ഒ ആസ്ഥാനത്തെ എര്‍ത്ത് ഒബ്‌സര്‍വേഷന്‍സ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രോഗ്രാം ഓഫീസിലെ ഡയറക്ടര്‍ പി ജി ദിവാകര്‍ പറഞ്ഞു.

ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വരെ വിജയകരമാണെന്നും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാണെന്നും ഏഴുവര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐ എസ് ആര്‍ ഒ ഇന്നലെ വ്യക്തമാക്കിയിരുന്നു.