എയര്‍ ഇന്ത്യക്കുള്ള ഇന്ധന വിതരണം പുനസ്ഥാപിച്ചു

Posted on: September 8, 2019 10:40 am | Last updated: September 8, 2019 at 6:07 pm

ന്യൂഡല്‍ഹി: കൊച്ചിയിലേതടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്കുള്ള ഇന്ധന വിതരണം നിര്‍ത്തിവച്ച നടപടി എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. എയര്‍ ഇന്ത്യ 4300 കോടി രൂപയുടെ കുടിശ്ശിക വരുത്തിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികള്‍ ഇന്ധന വിതരണം നിര്‍ത്തുകയായിരുന്നു. കൊച്ചിക്കു പുറമെ പൂനെ, വിശാഖപട്ടണം, പാറ്റ്‌ന, റാഞ്ചി, മൊഹാലി എന്നീ വിമാനത്താവളങ്ങളിലാണ് വിതരണം നിര്‍ത്തിയിരുന്നത്.

സര്‍ക്കാര്‍ പ്രതിനിധികള്‍ ഇടപെട്ടു നടത്തിയ ചര്‍ച്ച വിജയിച്ചതോടെയാണ് ഇന്ധന വിതരണം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഇതനുസരിച്ച് കുടിശ്ശിക തീര്‍ക്കുന്നതിനായി മാസംതോറും 100 കോടി രൂപ എയര്‍ ഇന്ത്യ നല്‍കണം. ഇനിയങ്ങോട്ട് വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ വില നല്‍കുന്നതിന് വിമാനക്കമ്പനികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളും എയര്‍ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്.