Connect with us

National

പ്രമുഖ അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയുമായ രാം ജെത്മലാനി അന്തരിച്ചു

Published

|

Last Updated

ന്യൂഡൽഹി: പ്രമുഖ അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയുമായ രാം ജെത്മലാനി അന്തരിച്ചു. 95 വയസ്സായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് അന്ത്യം.

1923 സെപ്റ്റംബർ 14 ന് സിന്ധ് പ്രവിശ്യയിലെ സിഖാർപൂരിൽ ജനിച്ച രാം ബൂൾചന്ദ് ജെത്മലാനി നിയമ രംഗത്ത് സുപ്രധാന ഇടപെടലുകൾ നടത്തിയ അഭിഭാഷകനായിരുന്നു. പതിനെട്ടാം വയസ്സിൽ അഭിഭാഷകവൃത്തി ആരംഭിച്ച അദ്ദേഹം പ്രമാദമായ പലകേസുകളിലും വാദിച്ചിട്ടുണ്ട്.

1959 ൽ കെ‌എം നാനാവതി vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസിൽ പ്രോസിക്യൂട്ടറായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രദ്ധേയമായ കേസ് വന്നത്. രാജീവ് ഗാന്ധി കൊലക്കേസ്,  സ്റ്റോക്ക് മാർക്കറ്റ് അഴിമതിക്കേസ്,  അഫ്സൽ ഗുരു കേസ്,  ജസീക്ക ലാൽ കൊലക്കേസ് തുടങ്ങിയവ അദ്ദേഹം ഇടപെട്ട് നിർണായക കേസുകളാണ്.

ബിജെപി ടിക്കറ്റിൽ മുംബൈയിൽ നിന്ന് രണ്ടു തവണ പാർലമെന്റിൽ എത്തിയ അദ്ദേഹം വാജ്പേയി മന്ത്രിസഭയിൽ നിയമ വകുപ്പും നഗരവികസന വകുപ്പും കൈകാര്യം ചെയ്തിരുന്നു. പിന്നീട് ബിജെപിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാവുകയും 2004ൽ ലഖ്നൗവിൽ നിന്ന് വാജ്പേയി ക്കെതിരെ മത്സരിക്കുകയും ചെയ്തു.

പ്രശസ്ത അഭിഭാഷകൻ മഹേഷ് ജെത്മലാനി, പരേതയായ റാണി ജെത്മലാനി എന്നിവർ മക്കളാണ്

Latest