Connect with us

Kerala

കൂടുതല്‍ പി എസ് സി ചോദ്യക്കടലാസുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിന് ചര്‍ച്ച നടത്തും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി പരീക്ഷ എഴുതുന്നവര്‍ക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച് പി എസ്‌ സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി യോഗത്തില്‍ ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടപ്പോഴാണ് സമിതിയുടെ അധ്യക്ഷനായ മുഖ്യമന്ത്രിയുടെ പ്രതികരണം. പി എസ് സി പരീക്ഷകളില്‍ മലയാളത്തില്‍ കൂടി ചോദ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ഔദ്യോഗിക ഭാഷാ സമിതി നേരത്തെ തന്നെ പി എസ്‌സിയോട് അഭ്യര്‍ഥിച്ചിരുന്നു.

പത്താം ക്ലാസിനു മുകളില്‍ യോഗ്യത ആവശ്യമുള്ള പി എസ് സി പരീക്ഷകളില്‍ പത്തു മാര്‍ക്കിന് മലയാളത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മാതൃഭാഷയില്‍ ചോദ്യക്കടലാസ് ലഭിക്കുന്നില്ല. മലയാളം മാധ്യമത്തില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നുവെന്ന് നേരത്തെ തന്നെ അഭിപ്രായമുണ്ട്. ഈ വിഷയവും പി എസ് സിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ്, ഭാഷാ സമിതി അംഗങ്ങളായ ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വി.എന്‍. മുരളി, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, എ ആര്‍ രാജന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ യോഗത്തില്‍ സംബന്ധിച്ചു.