Connect with us

Kerala

പാട്ടും കലയും സാംസ്‌കാരിക വിനിമയത്തെ വേഗത്തിലാക്കി: സെമിനാര്‍

Published

|

Last Updated

എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച “പാട്ടും കലയും കോഴിക്കോടന്‍ കഥകള്‍” സെമിനാര്‍ ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: പാട്ടും കലയും സാംസ്‌കാരിക വിനിമയത്തെ വേഗത്തിലാക്കിയതായി മുക്കത്ത് നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി ഖാളി മുഹമ്മദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് (ഖിംല) ആണ് പാട്ടും കലയും; കോഴിക്കോടന്‍ കഥകള്‍ എന്ന ശീര്‍ഷകത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
സാമൂതിരി രാജാവിന്റെ കോഴിക്കോട് കലയുടെ സാംസ്‌കാരിക കേന്ദ്രമായിരുന്നെന്നും നിരവധി ഭാഷകളെ കോര്‍ത്തിണക്കി കാവ്യങ്ങള്‍ രചിച്ച മോയിന്‍ കുട്ടി വൈദ്യരുള്‍പ്പെടെ നിരവധി പ്രതിഭകള്‍ കലയിലൂടെയും പാട്ടിലൂടെയും സാംസ്‌കാരികമായ ഉണര്‍വ് പുതിയ കാലത്തിന് കൈമാറിയതായും ഉദ്ഘാടനം നിര്‍വഹിച്ച ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു.

അധിനിവേശത്തിനെതിരെ ഏറ്റവും കൂടുതല്‍ പോരാടിയത് മുസ്്‌ലിംകളാണെന്നും പാട്ടും കലയും ആസ്വാദനത്തിന്റെ മുഖം മാത്രമല്ല, പോരാട്ടത്തിന്റെ ചരിത്രം കൂടിയാണെന്നും സെമിനാറില്‍ സംസാരിച്ച സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പാട്ടുകളെ സാമ്രാജ്യത്വം ഭയപ്പെട്ടുവെന്നും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പാട്ടുകള്‍ ശക്തി പകര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹിത്യവും കലയും മതത്തിന്റെ മൂല്യങ്ങളെ പൊതു സമൂഹത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി ഡോ. അനില്‍ ചേലമ്പ്ര പറഞ്ഞു. ബേപ്പൂര്‍ സുല്‍ത്താന്റെ “ഒരു മനുഷ്യന്‍” എന്ന രചന ഇസ്്‌ലാമിക ആത്മീയ മാനങ്ങളുടെ പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ ഡയറക്ടര്‍ ബോര്‍ഡ് അംഗം മുഹമ്മദലി കിനാലൂര്‍ മോഡറേറ്ററായി. എം ടി ശിഹാബുദ്ദീന്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തി. ശരീഫ് സഖാഫി താത്തൂര്‍ സ്വാഗതവും സിറാജ് ചെറുവാടി നന്ദിയും പറഞ്ഞു.

Latest