കളമശ്ശേരി എസ് ഐയും വിവാദവും

Posted on: September 7, 2019 12:59 pm | Last updated: September 7, 2019 at 12:59 pm

സി പി എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനുമായുള്ള വാക്‌പോര് റെക്കോർഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത എസ് ഐ അമൃത് രംഗന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷട്രീയ നേതാക്കളടക്കം ഒട്ടേറെ പേർ രംഗത്തു വന്നു കൊണ്ടിരിക്കുകയാണ്. ഏരിയാ സെക്രട്ടറിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ അമൃത് രംഗനിൽ നിന്നുണ്ടായ ചില ഡയലോഗുകളെ ഒരു വിഭാഗം അനുകൂലിക്കുകയും അയാളെ ഒരു ഹീറോ ആയി വാഴ്ത്തുകയും ചെയ്യുമ്പോൾ, സംഭാഷണം പുറത്തു വിട്ട നടപടി എസ് ഐയുടെ പദവിക്കു ചേരാത്തതായിപ്പോയെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. സി പി എമ്മുകാർ മാത്രമല്ല, കോൺഗ്രസ,് ബി ജെ പി നേതാക്കളും അമൃത് രംഗന്റെ നടപടി ചട്ടവിരുദ്ധമാണെന്ന പക്ഷക്കാരാണ്.
വിദ്യാർഥി യൂനിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ‘കുസാറ്റി’ലുണ്ടായ സംഘർഷത്തിൽ ഇടപെട്ട പോലീസ്, എസ് എഫ് ഐ ജില്ലാ നേതാവ് അമലിനെ അറസ്റ്റ് ചെയ്ത നടപടിയാണ് പ്രശ്‌നത്തിനാധാരം. അമലിനെ ജീപ്പിൽ പിടിച്ചു കയറ്റിക്കൊണ്ടു പോയതും അസഭ്യം പറഞ്ഞതും എന്തിനാണെന്നു സക്കീർ ഹുസൈൻ ഫോൺ വഴി എസ് ഐയോട് അന്വേഷിച്ചപ്പോൾ, സംഘർഷത്തിന്റെ മുൻനിരയിൽ നിന്ന അമലിനെ അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു എസ് ഐയുടെ മറുപടി. ഈ സംഭാഷണം തുടരവേ, മര്യാദക്ക് പെരുമാറിക്കൂടെ എന്നും കളമശ്ശേരിയിലെ രാഷ്ട്രീയം കൂടി മനസ്സിലാക്കി വേണം നടപടിയെന്നും സക്കീർ ഹുസൈൻ പറഞ്ഞതോടെ കളമശ്ശേരി ആരുടേതാണെങ്കിലും തനിക്ക് പ്രശ്‌നമില്ല, ടെസ്റ്റ് എഴുതിയാണ് ഈ ജോലിയിൽ കയറിയത്, രാഷ്ട്രീയ നിലപാട് നോക്കി ജോലി ചെയ്യാൻ എനിക്കാകില്ലെന്നുമായിരുന്നു എസ് ഐ യുടെ മറുപടി.

അമൃത് രംഗന്റെ ഫോൺ സംഭാഷണത്തിൽ വിമർശിക്കപ്പെടേണ്ടതായി ഒന്നുമില്ല. രാഷ്ട്രീയ നേതാക്കളെ ഭയപ്പെട്ടും അവരുടെ ഇംഗിതത്തിനു വഴങ്ങിയും പ്രവർത്തിക്കുന്നവരാണ് പോലീസുകാരിൽ പലരും. അവർക്കിടയിൽ രാഷ്ട്രീയ നിറം നോക്കാതെ കുഴപ്പക്കാർക്കെതിരെ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ അഭിനന്ദിക്കപ്പെടേണ്ടതാണ്. അതിനപ്പുറം സക്കീർ ഹുസൈനുമായുള്ള സംഭാഷണം എസ് ഐ പകർത്തി പ്രചരിപ്പിച്ച നടപടി അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം ജനിപ്പിക്കുന്നു. കേസുകളിൽ തങ്ങളുടെ അനുയായികൾ ഉൾപ്പെടുമ്പോൾ, നേതാക്കൾ അവർക്കു വേണ്ടി ശിപാർശ ചെയ്യലും നിയമ നടപടിയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെടലും രാഷ്ട്രീയത്തിൽ സാധാരണമാണ്. ഇത് നീതിയുടെ തേട്ടത്തിനു വിരുദ്ധമാണെങ്കിലും എല്ലാ പാർട്ടി നേതാക്കളും അങ്ങനെ ചെയ്യാറുണ്ട്. അതിനു വഴങ്ങാതെ പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ നടപടിയുമായി മുന്നോട്ടു പോകാം. അങ്ങനെയാണ് അവർ ചെയ്യേണ്ടതും. എന്നാൽ കേസുകളുമായി ബന്ധപ്പെട്ട് ആരെങ്കിലും പോലീസിലേക്ക് വിളിച്ചാൽ അതപ്പടി റെക്കോർഡ് ചെയ്തു മാധ്യമങ്ങളിലുടെ പുറംലോകത്തെ അറിയിച്ചു ഹീറോ ചമയാൻ ശ്രമിക്കുന്നത് തീർത്തും ചട്ടവിരുദ്ധമാണ്. ഇങ്ങനെയെങ്കിൽ എങ്ങനെയാണ് ഒരു പരാതിക്കാരന് ധൈര്യപ്പെട്ടു പോലീസിനെ വിളിക്കാനാകുക?

എസ് ഐ അമൃത് രംഗൻ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നത് ഇതാദ്യമല്ലെന്നു പറയപ്പെടുന്നു. തന്റെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ നിശ്ശബ്ദരാക്കാൻ സാമൂഹിക മാധ്യമങ്ങളെയും പ്രാദേശിക മാധ്യമങ്ങളെയും ദുരുപയോഗപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നുവെന്നാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യുവാവിനെതിരെ പോലീസിൽ പരാതി നൽകിയ ഒരു സ്ത്രീയുടെ വിവരങ്ങൾ വാട്‌സാപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പ്രസ്തുത സ്ത്രീ അമൃത് രംഗനെതിരെ വനിതാ കമ്മീഷനിലടക്കം പരാതി നൽകിയിരുന്നു. നിലമ്പൂർ പൂക്കോട്ടുപാടത്ത് റീഗൽ എസ്റ്റേറ്റിന് വേണ്ടി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിന് അദ്ദേഹം പാട്ടക്കരിമ്പ് ആദിവാസി കോളനി മൂപ്പൻ ഗോപാലനെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. 2017ൽ അമൃത് രംഗന്റെ പീഡനത്തിൽ മനംനൊന്തു പൂക്കോട്ടുപാടം ബാർബർ ഷാപ്പ് ഉടമ ജസീൽ എന്ന യുവാവ് പൊട്ടിക്കരയുന്ന വീഡിയോ വൈറലായിരുന്നു.

വിദ്യാർഥിയായിരുന്ന കാലത്ത് അമൃത് രംഗൻ എ ബി വി പി നേതാവായിരുന്നുവെന്നുള്ള വിവരവും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിൽ എ ബി വി പിയുടെ ഭാരവാഹിയും സ്ഥാനാർഥിയുമായിരുന്നു അമൃത് രംഗനെന്ന് അദ്ദേഹത്തിന്റെ സഹപാഠികൾ ചാനലുകളോട് വെളിപ്പെടുത്തുകയുണ്ടായി. ക്യാമ്പസിൽ വിദ്യാർഥികൾ തമ്മിൽ ഉടലെടുക്കുന്ന സംഘർഷങ്ങളിൽ എ ബി വി പിക്ക് വേണ്ടി അദ്ദേഹം മുമ്പിൽ ഉണ്ടായിരുന്നുവത്രേ. ഇതടിസ്ഥാനത്തിൽ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു പുറത്ത് വിട്ടതിനു പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളും വായിച്ചെടുക്കപ്പെടുന്നുണ്ട്. സക്കീർ ഹുസൈൻ ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ അനുയായികൾക്ക് വേണ്ടി ഇടപെട്ടതു മനസ്സിലാക്കാം. എന്നാൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ താത്പര്യത്തോടെ ഒരു പരാതിക്കാരന്റെ ഫോൺ സംഭാഷണം പരസ്യപ്പെടുത്തിയ ചട്ടവിരുദ്ധ നടപടി മനസ്സിലാക്കാൻ പ്രയാസമുണ്ട്. രാഷ്്ട്രീയം ഉദ്യോഗസ്ഥർക്കുമാകാം. കക്ഷി രാഷ്്ട്രീയ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യത്ത് ഏതെങ്കിലുമൊരു കക്ഷിയോട് അനുഭാവമുണ്ടാകുന്നത് വിമർശിക്കപ്പെടാവതല്ല. എന്നാൽ കൃത്യനിർവഹണത്തിൽ ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കരുത്. അതവരുടെ മാത്രമല്ല, ഉദ്യോഗ വൃന്ദത്തിന്റെ മൊത്തം വിശ്വാസ്യതയെ ബാധിക്കും. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെ ഡയലോഗ് കേട്ട് കൈയടിക്കുന്ന സാമാന്യ ജനവും ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. നേരത്തെ കൈയടി നേടിയ ഒരു ഐ എ എസ് ഓഫീസർ മദ്യപിച്ചു ലക്കുകെട്ടു വാഹനമോടിച്ചു മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ നിന്നു രക്ഷപ്പെടാൻ എല്ലാ നെറികെട്ട ഏർപ്പാടുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. സത്യസന്ധരും ധീരരുമെന്നു അറിയപ്പെട്ടിരുന്ന ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ അഴിമതിക്കേസുകളിൽ കുരുങ്ങിക്കിടക്കുകയാണ്. കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതാണ് ചിലരുടെ ഹീറോയിസം.