കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദി താനോ പൊതുമരാമത്ത് വകുപ്പോ അല്ല: മന്ത്രി ജി സുധാകരന്‍

Posted on: September 7, 2019 12:12 pm | Last updated: September 7, 2019 at 5:55 pm

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് തന്നെയോ പൊതുമരാമത്ത് വകുപ്പിനേയോ പഴിച്ചിട്ട് കാര്യമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഗതാഗതക്കുരുക്കിനെക്കുറിച്ച് ജില്ലാ പോലീസ് മേധാവിയോടും ജില്ലാ കലക്ടറോടുമാണ് അന്വേഷിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിലെ റോഡുകളുടെ ദയനീയാവസ്ഥ മനസിലാക്കാനായി കുണ്ടന്നൂര്‍ ജംഗ്ഷനിലെത്തിയതായിരുന്നു മന്ത്രി. മേല്‍പ്പാല നിര്‍മാണമാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഏഴ് മാസത്തിനകം മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. കുണ്ടന്നൂര്‍ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇവിടെയെത്തിയ മന്ത്രിയോട് നിരവധി പേരാണ് ഇതേക്കുറിച്ച് പരാതി പറഞ്ഞത്. മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരുമായി ഉച്ചക്ക് കൊച്ചി ഗസ്റ്റ് ഹൗസില്‍ യോഗം ചേരുന്നുണ്ട്.