പൗരത്വ പട്ടികയില്‍നിന്ന് ചന്ദ്രയാന്‍ രണ്ടിന്റെ ഉപദേശകനും കുടുംബവും പുറത്ത്

Posted on: September 7, 2019 10:21 am | Last updated: September 7, 2019 at 5:39 pm

ന്യൂഡല്‍ഹി: കഴിഞ്ഞ മാസം അസമില്‍ പുറത്തിറക്കിയ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍നിന്നും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഉപദേശകനും കുടുംബവും പുറത്ത്. അസമില്‍നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. ജിതേന്ദ്രനാഥ് ഗോസ്വാമിയും കുടുംബവും ആഗസ്റ്റ് 31 ന് പുറത്തിറക്കിയ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.

ഇപ്പോള്‍ അഹമ്മദാബാദിലാണ് താമസിക്കുന്നതെങ്കിലും കുടുംബം അസമിലാണ് ഉള്ളതെന്നും ജിതേന്ദ്രനാഥ് ഗോസ്വാമി പ്രതികരിച്ചു. 20 വര്‍ഷമായി ഞങ്ങള്‍ അഹമ്മദാബാദിലാണ് താമസിക്കുന്നത്. പക്ഷേ ഞങ്ങളുടെ കുടുംബം അസമിലാണ് ഉള്ളത്. ജോര്‍ഹട്ടില്‍ ഞങ്ങള്‍ക്ക് ഭൂമിയുമുണ്ട്. ഇപ്പോള്‍ താമസിക്കുന്ന അഹമ്മദാബാദിലാണ് ഞങ്ങള്‍ക്ക് വോട്ടവകാശമുള്ളതെന്നും ജിതേന്ദ്രനാഥ് ഗോസ്വാമി പറഞ്ഞു.കൈവശ ഭൂമി രേഖ ഹാജരാക്കിയാല്‍ ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രശന്ങ്ങള്‍ പരിഹരിക്കാമെന്നാണ് കരുതുന്നതെന്ന് ജിതേന്ദ്രനാഥ് ഗോസ്വാമി പ്രതികരിച്ചു. അസം നിയമസഭാ സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി ഇദ്ദേഹത്തിന്റെ സഹോദരാണ്.