നല്ലതിന് വേണ്ടി രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്നു; ഐഎസ്ആര്‍ഒക്ക് പിന്തുണയുമായി രാഷ്ട്രപതി

Posted on: September 7, 2019 9:48 am | Last updated: September 7, 2019 at 5:39 pm

ന്യൂഡല്‍ഹി:ചന്ദ്രയാന്‍ രണ്ട് ദൗത്യം അവസാന നിമിഷം പാളിയെങ്കിലും ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടക്കമുള്ളവര്‍ രംഗത്തെത്തി. ഐഎസ്ആര്‍ഒയെ കുറിച്ച് രാജ്യം അഭിമാനിക്കുകയാണെന്ന് രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞന്‍മാരും അവരുടെ ധൈര്യവും പ്രതിബദ്ധതയും പ്രകടിപ്പിച്ചു. നല്ലതിന് വേണ്ടി രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

ശാസ്ത്രജ്ഞന്‍മാരുടെ ഉത്സാഹവും ആത്മസമര്‍പ്പണവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ശാസ്ത്രജ്ഞന്‍മാരുടെ അദ്ധ്വാനം പാഴായിട്ടില്ലെന്നും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് അടിത്തറ പാകിയതായും രാഹുല്‍ ഗാന്ധി കുറിച്ചു.

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്കൊപ്പം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. ഭാവിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അമിത് ഷാ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ശാസ്ത്രജ്ഞരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ശാസ്ത്രജ്ഞര്‍ ചരിത്രം കുറിച്ചെന്നും മികച്ച പ്രകടനം കാഴ്ചവച്ചെന്നും കെജ്രിവാള്‍ കുറിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ചന്ദ്രയാന്‍ ദൗത്യം അവസാനഘട്ടത്തില്‍ പരാജയപ്പെട്ടത്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായയാതി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. 2.1 കിലോമീറ്റര്‍ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാല്‍ അതിന് ശേഷം ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി.