Connect with us

National

'ജനാധിപത്യം സന്ധി ചെയ്യപ്പെടുന്നു'; മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍കൂടി രാജിവെച്ചു

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ യുവ ഐഎഎസ് ഓഫീസര്‍ രാജിവെച്ചു. ജനാധിപത്യം സന്ധി ചെയ്യപ്പെടുന്നുവെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശശികാന്ത് സെന്തില്‍ സിവില്‍ സര്‍വീസില്‍ നിന്നും രാജിവെച്ചത്. 2009 ബാച്ചിലെ ഐ.എ.എസ് ഓഫീസറും ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുമാണ് ശശികാന്ത് സെന്തില്‍
ജനാധിപത്യത്തിന്റെ വൈവിധ്യങ്ങളിലെ അടിസ്ഥാന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് അനീതിയായത് കൊണ്ടാണ് താന്‍ രാജിവെക്കുന്നതെന്നും ശശികാന്ത് പറഞ്ഞു.

ഐഎഎസിനേക്കാള്‍ വലുത് എന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്.വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് ബുദ്ധിമുട്ടേറിയ വെല്ലുവിളികളെ നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ ഐഎഎസ് രംഗത്ത് നിന്ന് പുറത്തു കടക്കുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്നും ശശികാന്ത് പറഞ്ഞു.

2017ലാണ് ശശികാന്ത് ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേല്‍ക്കുന്നത്.2009 മുതല്‍ 2012 വരെ ബല്ലാരിയില്‍ അസിസ്റ്റന്റ് കമ്മീഷണറായി ശശികാന്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ ശിവമോഗ ജില്ലാ പഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവി വഹിച്ചു. ചിത്രദുര്‍ഗ, റായ്ചൂര്‍ ജില്ലകളുടെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. 2016 നവംബര്‍ മുതല്‍ മൈന്‍സ് ആന്‍ഡ് ജിയോളജി വിഭാഗത്തില്‍ ഡയറക്ടറാണ്.

നേരത്തെ ഐ.എ.എസ് ഓഫീസറായ കണ്ണന്‍ ഗോപിനാഥനും സിവില്‍ സര്‍വ്വീസില്‍ നിന്നും രാജിവെച്ചിരുന്നു. ജോലിയേക്കാള്‍ വലുത് തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമാണ് എന്നു പറഞ്ഞുകൊണ്ടാണ് കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചത്. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.