Connect with us

National

കശ്മീര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ട്വീറ്റ്‌ : ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹ കേസ്

Published

|

Last Updated

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരികളുടെ അവസ്ഥയും അവിടത്തെ സുരക്ഷാ നടപടികളെയുംക്കുറിച്ച് ട്വീറ്റ് ചെയ്ത
ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനങ്ങളില്‍ ആശങ്ക പരത്തുന്നതരത്തില്‍ തെറ്റായ വിവരം നല്‍കിയെന്ന് ആരോപിച്ച് ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ഡല്‍ഹി തിലക് മാര്‍ഗ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് പോലീസിലെ പ്രത്യേക സെല്ലിന് കേസ് കൈമാറി.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷെഹ്ല സൈന്യത്തിനെതിരെ ആരോപണമുന്നയിച്ചുകൊണ്ട് ട്വിറ്ററിലിട്ട പോസ്റ്റുകളാണ് കേസിനാധാരം. ഐ പി സി 124- എ (രാജ്യദ്രോഹം), 153 എ (മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍), 153 എ (കലാപം ലക്ഷ്യമിട്ട് ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കല്‍, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കല്‍) തുടങ്ങിയ കുറ്റങ്ങളാണ് ഷെഹ്ലക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

കശ്മീരിന്‍രെ ക്രമസമാധാന വിഷയത്തില്‍ പോലീസിന് ഒരു പങ്കുമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. എല്ലാം അര്‍ധ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സി ആര്‍ പി എഫുകാരന്റെ പരാതിയില്‍ ഒരു എസ് എച്ച് ഒയെ സ്ഥലംമാറ്റിയിരിക്കുന്നുവെന്നായിരുന്നു ഷെഹ്ലയുടെ ഒരു ട്വീറ്റ്.

സായുധസേന രാത്രി വീടുകളില്‍ കയറി പരാക്രമം നടത്തുന്നു. യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നു. ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിക്കുന്നു. ഷോപ്പിയാന്‍ മേഖലയില്‍ നിന്നും നാലുപേരെ സൈന്യം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി. പ്രദേശവാസികളെ ഭയപ്പെടുത്താനാണിത്. പിടിച്ചുകൊണ്ടുപോയവര്‍ കരയുന്നത് പുറത്തേക്ക് കേള്‍ക്കാന്‍ മൈക്ക് സ്ഥാപിച്ചെന്നും ഷെഹ്ല ആരോപിച്ചിരുന്നു.

ഷെഹ്ലയുടെ ആരോപണങ്ങളെല്ലാം തള്ളിയ സൈന്യം ഇത്തരം പ്രചാരണങ്ങള്‍ നടത്തിയാല്‍ ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അഭിഭാഷകന്റെ പരാതിയില്‍ ഇപ്പോള്‍ രാജ്യദ്രോഹ കേസെടുത്തിരിക്കുന്നത്.

 

Latest