Connect with us

Kerala

അഭയ കേസ്: ഇരുപത്തിമൂന്നാം സാക്ഷിയും കൂറുമാറി

Published

|

Last Updated

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തിമൂന്നാം സാക്ഷി അച്ചാമ്മയാണ് കൂറുമാറിയത്. അഭയ കൊല്ലപ്പെടുമ്പോള്‍ കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ.

അഭയകൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയില്‍ അസ്വാഭാവികമായി ചിലത് കണ്ടുവെന്നായിരുന്നു അച്ചാമ്മ സിബിഐക്ക് മൊഴി നല്‍കിയത്. എന്നാല്‍ വിചാരണക്കിടെ അസ്വാഭാവിമായ താന്‍ ഒന്നും കണ്ടില്ലെന്ന് അച്ചാമ്മ കോടതിയില്‍ മൊഴി മാറ്റി. അച്ചാമ്മയെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ അച്ചാമ്മ സുപ്രീംകോടതിയെ സമീപിച്ചാണ് സിബിഐ നീക്കം തടഞ്ഞത്.

അച്ചാമ്മ അടക്കം നാല് സാക്ഷികളാണ് ഇതുവരെ കേസില്‍ കൂറുമാറിയത്. കേസിലെ ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി, നാലാം സാക്ഷി സഞ്ജു പി മാത്യു, അന്‍പതാം സാക്ഷി സിസ്റ്റര്‍ അനുപമ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടപടികള്‍ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി, കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest