മരടിലെ ഫ്ളാറ്റുകള്‍ സെപ്തംബര്‍ 20നകം പൊളിക്കണം: സുപ്രീം കോടതി

Posted on: September 6, 2019 12:12 pm | Last updated: September 6, 2019 at 7:42 pm

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ളാറ്റുകള്‍ സെപ്റ്റംബര്‍ 20നകം പൊളിക്കണമെന്ന് സുപ്രീം കോടതി . ഇതിന് ശേഷം 23ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഫ ്‌ളാറ്റുകള്‍ പൊളിച്ച് നീക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തില്‍ സ്വമേധയ കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

കോടതി തീരുമാനത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം തന്നെയാണ് ഇന്നും കോടതി ആവര്‍ത്തിച്ചു പറഞ്ഞത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കാന്‍ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.