അല്‍ക്ക ലാമ്പ എഎപിയില്‍നിന്നും രാജിവെച്ചു; കോണ്‍ഗ്രസിലേക്കെന്ന് സൂചന

Posted on: September 6, 2019 11:44 am | Last updated: September 6, 2019 at 4:09 pm

ന്യൂഡല്‍ഹി: ചാന്ദ്‌നി ചൗക്ക് എംഎല്‍എ അല്‍ക്ക ലാമ്പ ആം ആദ്മി പാര്‍ട്ടി വിട്ടു. ട്വിറ്ററിലൂടെയാണ് അല്‍ക്ക ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചെന്ന് അല്‍ക്കാ ലാമ്പ ട്വിറ്ററില്‍ കുറിച്ചു.ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജരിവാളുമായുള്ള അഭിപ്രായ വ്യത്യാസവും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്‍കിയ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ എതിര്‍ത്തതുമാണ് രാജിയില്‍ കലാശിച്ചത്.

പാര്‍ട്ടി വിടുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും അല്‍ക്ക ലാമ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷമാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് .കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അല്‍ക്ക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് ആം ആദ്മി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോകാനാണ് അല്‍ക്കയുടെ നീക്കമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായത്.