ശകുനംമുടക്കികള്‍ക്ക് വിഡ്ഢിയാകാനാണ് യോഗം; ജോസഫിനെതിരെ രൂക്ഷ വിമര്‍ശവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം

Posted on: September 6, 2019 10:10 am | Last updated: September 6, 2019 at 1:18 pm

പാലാ: പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി ജെ ജോസഫിനെതിരെ രൂക്ഷവിമര്‍ശവുമായി കേരളാ കോണ്‍ഗ്രസ് എം മുഖപത്രം പ്രതിച്ഛായ. പാലായില്‍ ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കുന്നു. ശകുനം മുടക്കാന്‍ വഴിമുടക്കി നില്‍ക്കുന്നവര്‍ക്ക് വിഡ്ഢിയാകാനാണ് യോഗമെന്നും പ്രതിഛായ വിമര്‍ശിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജോസ് കെ മാണിയുടെ തീരുമാനം ശരിയാണെന്നും മുഖപത്രം പറയുന്നു. ഉള്ളില്‍

കേരളാ കോണ്‍ഗ്രസ് എമ്മിന് കെ എം മാണിയല്ലാതെ വേറൊരു ചിഹ്നമില്ലെന്നാണ് ജോസ് കെ മാണി പക്ഷം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നത്. അണപ്പല്ല് കൊണ്ട് ഇറുമ്മുകയും മുന്‍പല്ല് കൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിക്ക് പ്രസക്തിയില്ലെന്നും മുഖപ്രംസംഗത്തിലുണ്ട്.

മറ്റു പാര്‍ട്ടികള്‍ക്കു മാതൃകയാക്കാവുന്ന വിധം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജോസ് കെ മാണി അവലംബിച്ച ജനാധിപത്യ രീതി ഏറ്റവും അഭിനന്ദനീയമാണ്. പാലായിലെ ജനങ്ങളുടെ മനസ്സറിഞ്ഞും കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ വികാരങ്ങള്‍ മാനിച്ചും എടുത്ത തീരുമാനമാണത്. സ്വന്തം കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി വേണ്ടെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിഞ്ഞതോടെ പലരും അമ്പരന്നുപോയിട്ടുണ്ടാവുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.