Connect with us

Articles

പ്രതികാര വേട്ട; ആരും പരിധിക്ക് പുറത്തല്ല

Published

|

Last Updated

പി ചിദംബരം, ഡി കെ ശിവകുമാര്‍

പ്രതികാര രാഷ്ട്രീയം ഇത്രമേല്‍ ശക്തമായ ഒരു കാലവും ഇന്ത്യയില്‍ ഇതിന് മുമ്പ് കടന്നുപോയിട്ടില്ല. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടാണ് രാജ്യത്തിപ്പോള്‍ പൗരന്മാരെ വേട്ടയാടി പിടിച്ചു കൊണ്ടിരിക്കുന്നത്. തങ്ങളുടെ എല്ലാ ശത്രുക്കളെയും വിമര്‍ശകരെയും നിഷ്‌കാസനം ചെയ്യുകയെന്നത് ഫാസിസ്റ്റ് രീതിയാണ്. അതേ മാതൃകയിലാണ് ഇപ്പോള്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നമ്മള്‍ അവകാശം ഉന്നയിക്കുന്ന രാജ്യത്ത് കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ വിമര്‍ശകരെയും ബി ജെ പി വിരുദ്ധരെയും ദിവസേനയെന്നോണം കേന്ദ്ര സര്‍ക്കാറിന്റെ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം, കര്‍ണാടകയില്‍ ബി ജെ പി വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍, ബി ജെ പി രാഷ്ട്രീയത്തിന്റെ വിമര്‍ശകരായ ഡോ. ശശി തരൂര്‍ എം പി, എന്‍ ഡി ടി വി എഡിറ്റര്‍മാരും സ്ഥാപകരുമായ പ്രണോയ് റോയ്, രാധിക റോയ്… ആ പട്ടിക നീണ്ടുപോകുന്നുണ്ട്. വിമര്‍ശനവും പ്രതിപക്ഷവും ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. ഓരോ പ്രതികാര വേട്ടയും ജനാധിപത്യ വ്യവസ്ഥിതിക്കു മേലുള്ള കടന്നാക്രമണമാണ്. ഭരണകൂടത്തിന്റെ സകല ഏജന്‍സികളും വിമര്‍ശകരെ വേട്ടയാടാനായി മാത്രമുള്ള ഉപകരണമായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതികാര രാഷ്ട്രീയം ഇങ്ങനെ തുടരുകയാണെങ്കില്‍ ഈ നാടിന്റെ ജനാധിപത്യത്തിന് എന്തു സംഭവിക്കുമെന്നാണ് ഒരുപാടു ചോദ്യങ്ങള്‍ക്കിടയിലെ ഏറ്റവും പ്രസക്തമായ ചോദ്യം.
ആഗസ്റ്റ് 21ന് പി ചിദംബരത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സംഘ്പരിവാര്‍ ബന്ധമുള്ള സോഷ്യല്‍ മീഡിയാ പ്രൊഫൈലുകളില്‍ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് പി ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയം, 2010 ജൂലൈ 25ന് ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് അനില്‍ചന്ദ്ര ഷായെ സി ബി ഐ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ചിത്രമായിരുന്നു അത്. ഗുജറാത്തില്‍ മുസ്ലിം വിരുദ്ധ വേട്ടക്ക് കളമൊരുക്കുന്നതിന് ഭരണകൂടത്തിന്റെ അനുവാദത്തോടെ ഗുജറാത്ത് പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളിലൊന്നായ സുഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടായിരുന്നു ആ അറസ്റ്റ്. 2005ല്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അനുവാദത്തോടു കൂടി നടന്നതായിരുന്നുവെന്ന പോലീസുകാരുള്‍പ്പെടെയുള്ളവരുടെ കൃത്യമായ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു അമിത് ഷായെ സി ബി ഐ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇപ്പോള്‍ ബി ജെ പിയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റിമോര്‍ട്ട് കണ്‍ട്രോളര്‍. അമിത് ഷായാണ് ആഭ്യന്തര മന്ത്രി. അപ്പോള്‍ ഭരണകൂടം അതിന്റെ ഏറ്റവും വൈകൃതമായ ഒരു മുഖം കാണിച്ചു തരുന്നു.

പി ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ സി ബി ഐ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിന്റെ ദൃശ്യം.

2007ല്‍ ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ ചട്ടങ്ങള്‍ മറികടന്ന് 305 കോടി സ്വീകരിക്കാന്‍ ഐ എന്‍ എക്സ് മീഡിയക്ക് അനുമതി നല്‍കിയെന്നാണ് ചിദംബരത്തിനെതിരെ ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്ന കേസ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ ചിദംബരമോ മകന്‍ കാര്‍ത്തി ചിദംബരമോ ഒരു ഘട്ടത്തിലും പ്രതിയായിരുന്നില്ല. കുറ്റപത്രത്തില്‍ രണ്ട് പേരുടെയും പേരുമില്ല. അന്വേഷണ ഏജന്‍സികള്‍ പലവട്ടം ചിദംബരത്തിന്റെയും മകന്റെയും വീട് റെയ്ഡ് ചെയ്തതാണ്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട ഒരു രേഖയും കണ്ടെത്താനായില്ല എന്നതാണ് പ്രത്യേകത. എന്നാല്‍ മറ്റൊരു കേസില്‍ ഐ എന്‍ എക്സ് മീഡിയയുടെ ഉടമസ്ഥരായ പീറ്റര്‍, ഇന്ദ്രാണി മുഖര്‍ജി ദമ്പതികള്‍ മുംബൈയില്‍ അറസ്റ്റിലാകുന്നു. ഇതില്‍ ഇന്ദ്രാണി മുഖര്‍ജി ഐ എന്‍ എക്സ് മീഡിയ കേസില്‍ ചിദംബരത്തിനെതിരെ മൊഴി നല്‍കിയെന്നും അതിനാല്‍ ചിദംബരത്തെ ചോദ്യം ചെയ്യണമെന്നുമാണ് സി ബി ഐ ആവശ്യപ്പെട്ടത്. ഇതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ചിദംബരം നല്‍കിയ ഹരജി തള്ളിക്കൊണ്ട് ഉത്തരവിട്ടു. ഇതിന് പിന്നാലെ നാടകീയമായി സി ബി ഐ ചിദംബരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിന് ശേഷവും ചിദംബരത്തില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്നാണ് സി ബി ഐ ഇപ്പോള്‍ കോടതിയില്‍ പറയാതെ പറയുന്നത്. അമിത് ഷായുടെ പഴയ ജയില്‍ വാസത്തിന്റെ പ്രതികാരമാണ് നടക്കുന്നതെന്നു ബലപ്പെടുന്നതാണ് സി ബി ഐ കോടതിയില്‍ സ്വീകരിക്കുന്ന പല നിലപാടുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുക.

ബി ജെ പി ഭരണത്തിന് കീഴിലെ അന്വേഷണ ഏജന്‍സി വേട്ടയാടുന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവാണ് ഡി കെ ശിവകുമാര്‍. കള്ളപ്പണമിടപാടു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 13 വരെ കോടതി ശിവകുമാറിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഡി കെ ശിവകുമാറിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് 2018ല്‍ ആദായ നികുതി വകുപ്പ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ കര്‍ണാടക ഹൈക്കോടതി ഈ മാസം 17 വരെ സ്റ്റേ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആദായ നികുതി കേസുമായി ബന്ധപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഒപ്പിച്ചെടുക്കുകയും കര്‍ണാടക രാഷ്ട്രീയം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു സന്ദര്‍ഭം നോക്കി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സ്വന്തമായി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാതിരുന്ന സന്ദര്‍ഭത്തില്‍ ബി ജെ പി വിരുദ്ധ സഖ്യം രൂപവത്കരിക്കുന്നതിനു പിന്നില്‍ ശക്തമായി നിലകൊണ്ട ആളായിരുന്നു ശിവകുമാര്‍. ഗുജറാത്തിലും കര്‍ണാടകത്തിലും കോണ്‍ഗ്രസ് എം എല്‍ എമാരെ പണം നല്‍കിയും മറ്റും ഭീഷണിപ്പെടുത്തി ബി ജെ പി സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും ബി ജെ പിക്കു മുന്നിലുണ്ടായിരുന്ന ഏക പ്രതിസന്ധി ശിവകുമാറായിരുന്നു. ഈ പ്രതിസന്ധിയാണ് ശിവകുമാറിനെ ഭരണകൂട വേട്ടക്കു വിധേയമാക്കിയതെന്നും ന്യായമായും സംശയിക്കാം.

വിമര്‍ശ സ്വഭാവത്തോടു കൂടി സമീപിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും പ്രതികാര വേട്ടയുടെ പരിധിയില്‍ നിന്ന് ഭരണകൂടം ഒഴിവാക്കിയിട്ടില്ല. എന്‍ ഡി ടി വിയുടെ ഉടമസ്ഥരും രാജ്യത്തെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുമായ പ്രണോയ് റോയിയുടെയും രാധിക റോയിയുടെയും പിന്നാലെയുണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഈ മാസം പത്തിന് ഇവരെ മുംബൈയില്‍ വിമാനത്താവളത്തില്‍ തടഞ്ഞു വെക്കുകയും വിദേശത്തേക്കുള്ള യാത്ര വിലക്കുകയും ചെയ്തു. ഇവരുടെ കമ്പനിയുമായി ബന്ധപ്പെട്ട് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഇവരെ വിദേശത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ന്യായം പറയുന്നത്. ബി ജെ പി വിമര്‍ശകനും കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരായിരിക്കും കേന്ദ്രത്തിന്റെ അടുത്ത ഇരയെന്നാണ് പൊതുവെ പറഞ്ഞു കേള്‍ക്കുന്നത്. തരൂരിനെ അദ്ദേഹത്തിന്റെ ഭാര്യ സുനന്ദാ പുഷ്‌കര്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയാണ് വേട്ടയാടാന്‍ ശ്രമിക്കുന്നത്.
എങ്ങനെയായിരുന്നാലും ഇന്ത്യന്‍ ജനാധിപത്യം അതിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

ജനാധിപത്യത്തിന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ശേഷിയുണ്ടെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ജനാധിപത്യത്തിന്റെ കാതലായ പ്രതിപക്ഷ ബോധത്തെയും വിമര്‍ശകരെയും കൈകാര്യം ചെയ്യുന്ന വിധം കാണുമ്പോള്‍ ഈ ജനാധിപത്യത്തിന് ആയുസ്സ് കുറവാണോയെന്നു തോന്നിപ്പോകും. അപ്പോഴും പൗരാവകാശങ്ങളോടെയുള്ള ജനാധിപത്യം ഈ രാജ്യത്ത് ഇനിയും നിലനില്‍ക്കുമെന്ന് വെറുതെ പ്രതീക്ഷിക്കാം.