Connect with us

Kerala

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി ചുമതലയേറ്റു

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തി രണ്ടാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലയാളത്തിലാണ് അദ്ധേഹം സത്യവാചകം ചൊല്ലിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, നിയുക്ത ഗവര്‍ണറുടെ പത്നി രേഷ്മാ ആരിഫ്, മന്ത്രിമാര്‍, വിശിഷ്ടവ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്നലെ കേരളത്തിലെത്തിയ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്‌നി രേഷ്മ ആരിഫിനും ഊഷ്മള വരവേല്‍പ്പ് നല്‍കി. രാവിലെ 8.30ന് എയര്‍ ഇന്ത്യയുടെ എ.ഐ 263 വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ നിയുക്ത ഗവര്‍ണറെ വിമാനത്താവളത്തില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സതേണ്‍ എയര്‍ കമാന്റ് എയര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിയ അദ്ദേഹം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. ടെക്‌നിക്കല്‍ ഏരിയയില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രന്‍, ചീഫ് വിപ്പ് കെ. രാജന്‍, കേരള സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത്, പാങ്ങോട് സൈനിക ക്യാമ്പ് സ്‌റ്റേഷന്‍ കമാന്‍ഡന്റ് ബ്രിഗേഡിയര്‍ സി.ജി. അരുണ്‍, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. ഡി.കെ. സിങ്, തൊഴില്‍ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ. കേശവന്‍, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്ന് രാജ്ഭവനിലെത്തിയ അദ്ദേഹത്തെയും ഭാര്യ രേഷ്മ ആരിഫിനെയും രാജ്ഭവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ധൊഡാവത്ത് ബൊക്കെ നല്‍കി സ്വീകരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീല്‍, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, രാജ്ഭവന്‍ ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നിയുക്ത ഗവര്‍ണര്‍ക്കൊപ്പം കുടുംബാംഗങ്ങളും ബന്ധുക്കളും എത്തിയിട്ടുണ്ട്.

Latest