ചിദംബരം തിഹാര്‍ ജയിലിലേക്ക്: 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു

Posted on: September 5, 2019 6:17 pm | Last updated: September 6, 2019 at 9:59 am

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ജയിലിലേക്ക്. ചിദംബരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് പ്രത്യേക സി ബി ഐ കോടതി ഉത്തരവിട്ടു. ഇതോടെ ഈ മാസം 19വരെ ചിദംബരം തീഹാര്‍ ജയിലില്‍ കഴിയേണ്ടിവരും.

ച.ിദംബരത്തിന്റെ ആരോഗ്യനിലയും മുന്‍ധനമന്ത്രി എന്ന പരിഗണനയുംവെച്ച് പ്രത്യേക സൗകര്യം ഏര്‍പ്പെടത്തണമെന്ന് അഭിഭാഷകനായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി ജയിലില്‍ പ്രത്യേക സുരക്ഷയും മുരുന്നുകളും നല്‍കണമെന്ന് ഉത്തരവിട്ടു. കൂടാതെ പ്രത്യേക സെല്ലും വെസ്റ്റേണ്‍ ടോയ്‌ലറ്റും കിടക്കയും അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.
നേരത്തെ എയര്‍സെല്‍ മാക്‌സിസ് കേസില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും സി ബി ഐ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതില്‍ വിമര്‍ശനവും കോടതി നടത്തി. ഈ കേസില്‍ പ്രധാന കുറ്റോരാപിതനായ ദയാനിധി മാരനടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് എന്തിനാണ് ചിദംബരത്തേയും മകനേയും അറസ്റ്റ് ചെയ്യുന്നതെന്നും കോടതി ചോദിച്ചിരുന്നു.

ഇതിന് ശേഷമാണ് ഐ എന്‍ എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.