Connect with us

Kerala

ജോസ് ടോമിന് രണ്ടില ചിഹ്നം ഇല്ല; യു ഡി എഫിന് പാലായില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി

Published

|

Last Updated

കോട്ടയം: കേരളാ കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കിടയിലെ അധികാര വടംവലികള്‍ക്ക് ഒടുവില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന മണിക്കൂറില്‍ പിജെ ജോസഫിന്റെ നിലപാടില്‍ വിജയം. പാലാ ഉപതിരഞ്ഞെടുപ്പിന് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച ജോസ് ടോം പുലിക്കിക്കുന്നേലിന്റെ പത്രിക തള്ളി. ഇതോടെ പാലാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാവില്ല.

കെ എം മാണിയുടെ വിയോഗ ശേഷം വരുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ സ്വന്തം ചിഹ്നത്തിലല്ലാതെ മത്സരത്തിനിറങ്ങേണ്ടി വരുന്നത് ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടിയായി.

പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ജോസ് ടോമിന് പത്രിക സമര്‍പ്പിക്കാനാവില്ലെന്ന് വരണാധികാരി നിലപാടെടുക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ പിജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചിട്ടില്ലാത്തതിനാലാണ് കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ടോം ജോസിനെ അംഗീകരിക്കാന്‍ കഴിയാത്തതെന്ന് വരണാധികാരി ചൂണ്ടിക്കാട്ടി.

അതേസമയം, സ്വതന്ത്രനായാലും കേരളാ കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ശുഭ പ്രതീക്ഷയുണ്ടെന്ന് ജോസ് ടോം പ്രതികരിച്ചു. കെഎം മാണിയുടെ മുഖമാണ് പാലായിലെ ചിഹ്നമെന്നും ജോസ് ടോം പറഞ്ഞു.

രണ്ടില ചിഹ്നം നല്‍കില്ലെന്ന യു ഡി എഫില്‍ നേരത്തെ തന്നെ ധാരണ ഉണ്ടായിരുന്നുവെന്ന് പി ജോസഫ് പറഞ്ഞു. ഇതിനെതിരായി ജോസ് കെ മാണിയുടെ നീക്കങ്ങള്‍ ദുരൂഹമാണെന്നും പി ജെ ജോസഫ് ആരോപിച്ചു. പി ജെ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിക്ക്‌ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന്‌ അറിയിച്ച ജോസഫ് പാലായില്‍ നടക്കുന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തി.

Latest