വാഹന നിരോധനം പരിഗണനയിലില്ല: മന്ത്രി നിതിന്‍ ഗഡ്കരി

Posted on: September 5, 2019 3:11 pm | Last updated: September 5, 2019 at 8:00 pm

ന്യൂഡല്‍ഹി: പരമ്പരാഗത പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള യാതൊരു പദ്ധതിയും സര്‍ക്കാറിനില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. വാഹന വ്യവസായം അഭൂതപൂര്‍വമായ തോതില്‍ മന്ദഗതിയിലായ സാഹചര്യത്തില്‍ വാഹന നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ചയും നടന്നു. എന്നാല്‍, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്ന കാര്യം സര്‍ക്കാറിന്റെ അജന്‍ഡയിലില്ല. ഗഡ്കരി വ്യക്തമാക്കി.

അതേസമയം, ഹൈബ്രിഡ് വാഹനങ്ങളുടെ ജി എസ് ടി ഇളവുചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (എസ് ഐ എ എം) വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ മന്ത്രി പറഞ്ഞു. ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യം രാജ്യത്തെ വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഗഡ്കരി സമ്മതിച്ചു. ധനകാര്യ മന്ത്രാലയവുമായും വാഹന വ്യവസായ മേഖലയുമായും ബന്ധപ്പെട്ട് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമിക്കും.

രാജ്യത്ത് യാത്രാ വാഹനങ്ങളുടെ വില്‍പന കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച 2019 ജൂലൈയില്‍ 30.98 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 19 വര്‍ഷത്തിനിടെ വാഹന വിപണിയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. വാഹന വില്‍പനക്കായി ബേങ്കിതര ധന ഇടപാട് സ്ഥാപനം തുടങ്ങുന്ന കാര്യം വാഹന നിര്‍മാതാക്കള്‍ ആലോചിക്കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതേവരെ വാഹന നിര്‍മാണ സ്ഥാപനങ്ങള്‍, ഘടക ഭാഗങ്ങളുടെ നിര്‍മാതാക്കള്‍, ഡീലര്‍മാര്‍ തുടങ്ങിയവര്‍ തങ്ങളുടെ 3,50,000 തൊഴിലാളികളെ ഒഴിവാക്കിയിട്ടുണ്ട്.