എന്‍ഫോഴ്‌സ്‌മെന്റ് കേസ്: ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Posted on: September 5, 2019 11:34 am | Last updated: September 5, 2019 at 3:30 pm

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) ഫയല്‍ ചെയ്ത കേസില്‍ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇതോടെ ഇ ഡിക്ക് ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുങ്ങി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണെന്നും മുന്‍കൂര്‍ ജാമ്യം ആരുടെയും മൗലികാവകാശമല്ലെന്നും സുപ്രീം കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകുന്ന കേസല്ല ഇത്. വേണമെങ്കില്‍ ചിദംബരത്തിന് സാധാരണ ജാമ്യത്തിന് അപേക്ഷിക്കാം. ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി ഉത്തരവ്.

ചിദംബരത്തിനെതിരായ കുറ്റങ്ങള്‍ മുദ്രവച്ച കവറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തന്റെ സ്വത്തിനെല്ലാം കൃത്യമായ രേഖകളുണ്ടെന്നും തനിക്കെതിരെ ഒരു തെളിവും എന്‍ഫോഴ്‌സ്‌മെന്റിന്റെ കൈവശമില്ലെന്ന് ചിദംബരം കോടതിയില്‍ വാദിച്ചു. ചിദംബരം സെപ്തംബര്‍ അഞ്ചുവരെ സി ബി ഐ കസ്റ്റഡിയില്‍ തുടരട്ടെയെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തത്കാലം തിഹാര്‍ ജയിലില്‍ പോകാതെ കഴിക്കാന്‍ ഇത് ചിദംബരത്തെ സഹായിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ ഡി) സി ബി ഐയും അന്വേഷിക്കുന്ന കേസില്‍ അറസ്റ്റിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് ചിദംബരം മേല്‍കോടതിയെ സമീപിച്ചത്.

ആഗസ്റ്റ് 21ന് വൈകീട്ട് ഡല്‍ഹിയിലെ വസതിയിലെത്തിയാണ് ചിദംബരത്തെ സി ബി ഐ അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ സി ബി ഐ കസ്റ്റഡിയിലാണ് ചിദംബരം.