കശ്മീരിന്റെ പ്രത്യേക പദവി എക്കാലത്തേക്കുമുള്ളതല്ല; അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ തെറ്റില്ല: തരൂര്‍

Posted on: September 5, 2019 11:09 am | Last updated: September 5, 2019 at 2:27 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും വിവാദ പ്രസ്താവനയുമായി ശശി തരൂര്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വ കുപ്പ് എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് കോണ്‍ഗ്രസ് എം പിയായ ശശി തരൂര്‍ പറഞ്ഞു. ഇതര മതക്കാരുടെ ആരാധനക്കുള്ള സ്ഥലങ്ങള്‍ നശിപ്പിക്കാതെ അയോധ്യയില്‍ രാമക്ഷേത്രം പണികഴിപ്പിക്കണമെന്നാണ് തന്റെ നിലപാടെന്നും ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നിലപാടിന് കടകവിരുദ്ധമായ അഭിപ്രായ പ്രകടനമാണ് തരൂര്‍ നടത്തിയിരിക്കുന്നത്. മോദി അനുകൂല പരാമര്‍ശവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്‌നങ്ങള്‍ എരിഞ്ഞടങ്ങിയതിനിടെയാണ് തരൂര്‍ വീണ്ടും വെടി പൊട്ടിച്ചത്.

എല്ലാ കാലത്തേക്കും നിലനിര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ടായിരുന്നില്ല 370 ാം വകുപ്പ് നടപ്പിലാക്കിയതെന്നാണ് താന്‍ കരുതുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എത്രകാലത്തേക്ക് ആവശ്യമാണോ അത്രയും കാലം നിലനിന്നാല്‍ മതി എന്നതായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു ഉയര്‍ത്തിപ്പിടിച്ച കാഴ്ചപ്പാട്. ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലും പാക് അധീന കാശ്മീരിലുമുള്ള പാകിസ്ഥാന്റെ ഇടപെടലുകളോട് എതിര്‍പ്പുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യ കശ്മീരില്‍ നടത്തിയിട്ടുള്ളതെന്നും തരൂര്‍ പറഞ്ഞു.

അയോധ്യയിലൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നു തന്നെയാണ് ചരിത്ര വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. അവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നത് അതൊരു രാമക്ഷേത്രം ആയിരുന്നുവെന്നാണ്. ഇതുമായി ആഴത്തിലുള്ള വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളതെന്നും ശശി തരൂര്‍ പറഞ്ഞു. മറ്റ് മതവിശ്വാസികളുടെ ആരാധനയ്ക്കുള്ള സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടെ ഒരു ക്ഷേത്രം നിര്‍മിക്കേണ്ടത് ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു.