Connect with us

Editorial

കശ്മീര്‍ കൂടുതല്‍ അശാന്തിയിലേക്ക്

Published

|

Last Updated

കശ്മീരിനുള്ള പ്രത്യേകാധികാരങ്ങളാണ് താഴ്‌വരയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അതില്ലാതായാല്‍ അവിടെ തീവ്രവാദവും സംഘര്‍ഷാവസ്ഥയും നിയന്ത്രിതമാകുമെന്ന വാദമുന്നയിച്ചാണ് മോദി സര്‍ക്കാര്‍ 370ാം വകുപ്പ് എടുത്തു കളഞ്ഞത്. അതുകഴിഞ്ഞ് മാസം പിന്നിട്ടപ്പോള്‍ താഴ്‌വരയില്‍ സ്ഥിതി കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. യുദ്ധസമാനമായ അന്തരീക്ഷമാണിപ്പോള്‍ കശ്മീരിലെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശത്രുരാജ്യത്തെ ജനങ്ങളോടെന്ന പോലെയാണ് കശ്മീരികളോടുള്ള സൈന്യത്തിന്റെ സമീപനം. ഭരണകൂട അടിച്ചമര്‍ത്തലുകളുടെ ഭീകരമായ ദൃശ്യങ്ങളാണ് അവിടെ കാണാനായതെന്ന് ശ്രീനഗര്‍ സന്ദര്‍ശിച്ച ശേഷം പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് ട്വീറ്റ് ചെയ്യുന്നു.
12 വയസ്സുള്ള വിദ്യാര്‍ഥികളെ അര്‍ധരാത്രി റെയ്ഡുകളിലൂടെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ സുരക്ഷാ ഭടന്മാരുടെ ബലാത്സംഗ ഭീഷണിയിലാണ്. ചെറുപ്പക്കാരെ ശിക്ഷിക്കുന്നത് ഇലക്ട്രിക് ഷോക്ക് ഉപയോഗിച്ചാണ്. കസ്റ്റഡിയിലെടുക്കുന്ന പല യുവാക്കളെക്കുറിച്ചും പിന്നീട് കുടുംബാംഗങ്ങള്‍ക്ക് വിവരങ്ങളൊന്നും ലഭിക്കുന്നില്ല. താന്‍ കണ്ടതില്‍ വെച്ചേറ്റവും മോശം അവസ്ഥയിലാണ് നിലവില്‍ കശ്മീരെന്ന് റാണ ട്വീറ്റ് ചെയ്തു. ആഴ്ചകളായി അവിടെ ടെലഫോണില്ല. ഇന്റര്‍നെറ്റില്ല. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അവകാശമില്ല. പൊതുവാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല. കടകള്‍ മിക്കതും അടഞ്ഞു കിടക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ബുള്ളറ്റുകള്‍ക്കും പെല്ലറ്റുകള്‍ക്കുമിടയിലൂടെയാണ് കശ്മീര്‍ ജനതയുടെ നിത്യവൃത്തികള്‍.

സൈന്യത്തിന്റെ പെല്ലറ്റ് പ്രയോഗം വ്യാപകമാണെന്നും മാരകമായ പരുക്കേറ്റിട്ടും അറസ്റ്റ് ഭീതിയിൽ ആശുപത്രിയെ സമീപിക്കാന്‍ ജനങ്ങള്‍ ഭയക്കുകയാണെന്നും “ദ വയര്‍” റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചാറിലാണ് പെല്ലറ്റ് പ്രയോഗം കൂടുതല്‍. 20 പെല്ലറ്റുകളേറ്റ് വയറിലും തോളിലും കാലിലും പരുക്കേറ്റ് രക്തം ഒലിക്കുന്ന യുവാവിനെ ശ്രീനഗറിനടുത്ത അഞ്ചാറില്‍ കാണാനിടയായി. മേഖലയിലെ പ്രമുഖ ആശുപത്രിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേക്ക് ഇവിടെ നിന്ന് ഒരു കി. മീറ്റര്‍ മാത്രമേ ദൂരമുള്ളൂ. എന്നിട്ടും എന്തുകൊണ്ട് ആശുപത്രിയില്‍ പോകുന്നില്ലെന്ന ചോദ്യത്തിന്, ചികിത്സക്കെത്തുന്നവരെ പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അറസ്റ്റ് ഭയന്നാണ് പോകാത്തതെന്നുമായിരുന്നു യുവാവിന്റെ മറുപടി… “ദ വയര്‍” ലേഖകന്‍ എഴുതുന്നു.

അടുത്ത ദിവസം കശ്മീര്‍ സന്ദര്‍ശിച്ച സി പി എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും താഴ്‌വരയിലെ സ്ഥിതി ഭീതിജനകമാണെന്നു സാക്ഷ്യപ്പെടുത്തി. കശ്മീരിനെ ഒരു പട്ടാള ക്യാമ്പാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ പോലും പറ്റാത്ത സാഹചര്യം. ഇസ്‌റാഈലില്‍ നിന്ന് പരിശീലനം നേടിയ സൈനികരെയാണ് അവിടെ നിയോഗിച്ചതെന്നും ഇന്ത്യയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശം പാടില്ലെന്ന ആര്‍ എസ് എസ് അജന്‍ഡയുടെ ഭാഗമാണ് അനുച്ഛേദം 370 റദ്ദാക്കിയതെന്നും കാരാട്ട് അഭിപ്രായപ്പെടുന്നു. താഴ്‌വരയില്‍ ജനജീവിതം സാധാരണ നിലയായിക്കഴിഞ്ഞുവെന്നാണ് ആഗസ്റ്റ് 16ന് ശ്രീനഗറില്‍ ചീഫ് സെക്രട്ടറി ബി വി ആര്‍ സുബ്രഹ്മണ്യം മാധ്യമ ലേഖകരോട് പറഞ്ഞിരുന്നത്. നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ മാത്രമാണ്. 370 റദ്ദാക്കിയതിന്റെ പേരില്‍ ഒരു ജീവന്‍ പോലും നഷ്ടപ്പെടുകയോ ഒരാള്‍ക്കു പോലും ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതത്രയും ശുദ്ധ കളവാണെന്നാണ് റാണ അയ്യൂബിന്റെയും ദ വയറിന്റെ റിപ്പോര്‍ട്ടുകളും യെച്ചൂരിയുടെ സാക്ഷ്യവും ബോധ്യപ്പെടുത്തുന്നത്. ആഗസ്റ്റ് ഏഴിന് ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയില്‍, ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയുമുണ്ടായി.
കശ്മീരില്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും ലോക ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. മൂന്ന് മാസത്തിനകം സംസ്ഥാനത്ത് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വാഗ്ദാനമുണ്ട്. എന്നാല്‍ കശ്മീരികള്‍ക്ക് ഇപ്പോള്‍ വേണ്ടത് കോടികളുടെ വികസനമല്ല, നിര്‍ഭയമായി പുറത്തിറങ്ങാനും രോഗം വന്നാല്‍ ഭയലേശമന്യേ ആശുപത്രിയില്‍ പോകാനുള്ള സാഹചര്യവുമാണ്. ഏതവസരത്തിലും ജനങ്ങൾക്കു നേരെ കാഞ്ചി വലിക്കാനുള്ള അധികാരം നല്‍കി വ്യാപകമായി വിന്യസിച്ച സൈന്യത്തെ പിന്‍വലിക്കലാണ്. താഴ്‌വരയിലെ നിയന്ത്രണങ്ങള്‍ ഉടനെ നീക്കുമെന്ന് സോളിസിറ്റി ജനറല്‍ തുഷാര്‍ മേത്ത മൂന്നാഴ്ച മുമ്പ് സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാഴ്‌വാക്കായി. താഴ്‌വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ അടുത്ത നാളുകളില്‍ നിയന്ത്രണങ്ങള്‍ എടുത്തു കളയാനുള്ള സാധ്യതയും കുറവാണ്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലം തൊട്ടേ വിവിധ ഭരണാധികാരികളുടെ പങ്കിടലിനും കൈമാറ്റത്തിനും വിധേയമായി സ്വാതന്ത്ര്യവും സംസ്‌കാരവും സംരക്ഷിക്കാനാകാതെ ഗതികെട്ടു ജീവിക്കുകയാണ് കശ്മീരി ജനത. പ്രത്യേകാധികാരങ്ങള്‍ അംഗീകരിക്കാമെന്ന വ്യവസ്ഥയില്‍ പ്രദേശത്തെ ഇന്ത്യയോട് ചേര്‍ത്തപ്പോള്‍, തങ്ങളുടെ ഗതികേടിന് പരിഹാരമാകുമെന്നാണ് കശ്മീരികള്‍ വിശ്വസിച്ചത്. എന്നാല്‍ യുദ്ധവെറി സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനാണ് ഇന്ത്യാ, പാക് ഭരണാധികാരികള്‍ കശ്മീരിനെ ഉപയോഗിച്ചു വന്നത്. ഏറ്റവും ഒടുവിലിപ്പോള്‍ ചരിത്രത്തെയും വസ്തുതകളെയും പാടെ നിരാകരിച്ചും ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും അതിനെ സംരക്ഷിക്കാന്‍ നിയുക്തമായ ഭരണഘടനയെയും അവഗണിച്ചും സംസ്ഥാനത്തിനുള്ള പ്രത്യേകാവകാശങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഇത് വരെ ലഭിച്ചിരുന്ന പരിമിതമായ സ്വാതന്ത്ര്യം പോലും ഇതോടെ കശ്മീരികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.

Latest