കള്ളപ്പണക്കേസ്: ഡി കെ ശിവകുമാറിനെ ഇ ഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും

Posted on: September 5, 2019 10:12 am | Last updated: September 5, 2019 at 12:40 pm

ദില്ലി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇ ഡിയുടെ ആവശ്യം പരിഗണിച്ച് ശിവകുമാറിനെ ഇന്നലെ ദില്ലി റോസ് അവന്യു കോടതി സെപ്തംബര്‍ 13 വരെ കസ്റ്റഡിയില്‍ വിട്ടിരുന്നു. കേസില്‍ നാലുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം കഴിഞ്ഞ ദിവസമാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യല്‍ വേളയില്‍ നിസ്സഹകരിച്ച ശിവകുമാര്‍ പിടിതരാതെ ഒഴിഞ്ഞുമാറുകയും അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തതായി ഇ ഡി കോടതിയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യ ചെയ്യലിനായി കോണ്‍ഗ്രസ് നേതാവിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ആവശ്യവും കോടതി ഉന്നയിച്ചു. എന്നാല്‍, പത്തു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്.

2017 ആഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.