ഹൃദയപൂര്‍വം പദ്ധതിയുമായി വയനാട് കെ എം സി സി

Posted on: September 4, 2019 10:44 pm | Last updated: September 4, 2019 at 10:44 pm

ദമാം: വയനാട് ജില്ലയിലെ വൃക്ക രോഗം ബാധിച്ച് ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് കൈത്താങ്ങായി കെ എം സി സി ദമാം വയനാട് ജില്ലാ കമ്മിറ്റി. വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ജീവനം പദ്ധതിയുമായി സഹകരിച്ച് എല്ലാ മുഖങ്ങളിലും ചിരി പടരട്ടെ ‘കൂടെ ഹൃദയപൂര്‍വം’ നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേനത്തില്‍ അറിയിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ കൂടുതലുള്ള ജില്ലയില്‍ വൃക്ക രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. ആഴ്ചയില്‍ മൂന്നും നാലും ഡയാലിസിസ് വേണ്ടി വരുന്ന ഇത്തരം രോഗികള്‍ക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത്തരക്കാരെ കണ്ടത്തി വയനാട് ജില്ലാ സി എച്ച് സെന്ററുമായും ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതിയുമായും സഹകരിച്ചുകൊണ്ട് 800 രൂപ ചെലവ് വരുന്ന ആയിരം ഡയാലിസിസ് സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്.

പ്രവാസികളും ലോകത്തിന്റെ രാജ്യങ്ങളിലെ അഭ്യുദയകാംക്ഷികളായ ആളുകളെയും ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പിലൂടെ നടത്തിയ പ്രചാരണങ്ങളുടെ ഭാഗമായി 2500 ഡയാലിസിസ് സമാഹരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ അസീസ് വയനാട്, മുഹമ്മദലി വാളാട്, ജമാല്‍ മീനങ്ങാടി, സുബൈര്‍ റിപ്പണ്‍, ജലീല്‍ മാനന്തവാടി, സുബൈര്‍ വാളാട് പങ്കെടുത്തു