Connect with us

Gulf

അബൂദബിയില്‍ ബി റോഡ് സേഫ്, റോഡ് സുരക്ഷ കാമ്പയിന് തുടക്കമായി

Published

|

Last Updated

അബൂദബി: ബി റോഡ് സേഫ് എന്ന പേരില്‍ റോഡ് സുരക്ഷ കാമ്പയിനുമായി അബൂദബി പോലീസ്. പോലീസ് ആസ്ഥാനത്ത് ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് കാമ്പയിന് തുടക്കം കുറിച്ചത്. ട്രാഫിക് മനോഭാവങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചും വാഹനമോടിക്കുന്നവരെ ബോധവത്കരിക്കുന്നതിനാണ് വര്‍ഷത്തിലുടനീളമുള്ള സമഗ്ര റോഡ് സുരക്ഷാ ബോധവത്ക്കരണ കാമ്പയിന്‍. ഡ്രൈവര്‍മാരുടെ സുരക്ഷയും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് പ്രചാരണമെന്ന് അബൂദബി പോലീസ് പറഞ്ഞു.

അബൂദബി എമിറേറ്റിലുടനീളം ഡ്രൈവര്‍മാരുടെ പെരുമാറ്റം നന്നാക്കുന്നതിന് സമഗ്ര പദ്ധതി നടപ്പിലാക്കുന്നതിന് അബൂദബി പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ പൈലറ്റ് ഫാരിസ് ഖലഫ് അല്‍ മസ്രൂയിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ബോധവത്ക്കരണ കാമ്പയിന് തുടക്കം കുറിച്ചതെന്ന് ബ്രിഗേഡിയര്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ വഴി ശക്തമായ പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ട്രാഫിക് സുരക്ഷ ഉയര്‍ന്ന തലത്തിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിയമലംഘനങ്ങളുടെ വിശദമായ പഠനങ്ങളെ അടിസ്ഥാനമാക്കി തിരിച്ചറിഞ്ഞ എട്ട് തീമുകള്‍ കാമ്പയിനില്‍ ഉള്‍പ്പെടുത്തിയതായി അദ്ദേഹം വിശദമാക്കി. ഡ്രൈവര്‍മാര്‍ നടത്തുന്ന നെഗറ്റീവ് പെരുമാറ്റങ്ങളെയും അവയുടെ അപകടകരമായ പ്രത്യാഘാതങ്ങളെയും കുറിച്ച് കാമ്പയിന് വെളിച്ചം വീശും, പൊതുജനങ്ങള്‍ക്കിടയില്‍ ട്രാഫിക് സംസ്‌കാരം മെച്ചപ്പെടുത്തുന്നതിനും ട്രാഫിക് നിയമങ്ങളോടും ചട്ടങ്ങളോടും പ്രതിബദ്ധത വളര്‍ത്തുന്നതിനും ഈ കാമ്പയിന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ ബസുകളില്‍ സ്റ്റോപ്പ് ചിഹ്നം സജീവമാകുമ്പോള്‍ നിര്‍ത്താതെ പോകുന്ന ഡ്രൈവര്‍മാരെ കണ്ടെത്താന്‍ അബൂദബിയിലെ സ്‌കൂള്‍ ബസുകളില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കാമറ സംബന്ധിച്ച് ഗതാഗത വകുപ്പുമായി ഏകോപിപ്പിച്ച് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പ്രവര്‍ത്തന തീയതി മാധ്യമങ്ങള്‍ വഴി പ്രഖ്യാപിക്കും. എമിറേറ്റിലെ മാളുകളിലുള്ള മോണിറ്ററുകളിലും സിനിമാശാലകളിലും ട്രാഫിക് സന്ദേശങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കാന്‍ അബൂദബി പോലീസ് പദ്ധതി തയ്യാറാക്കിയതായും അബൂദബി, അല്‍ ഐന്‍, അല്‍ ദാഫ്ര എന്നിവിടങ്ങളിലെ സ്‌കൂള്‍ ബസ്, ടാക്സി ഡ്രൈവര്‍മാരെ ലക്ഷ്യം വച്ചുള്ള സമഗ്ര ബോധവല്‍ക്കരണ പരിപാടി ആസൂത്രണം ചെയ്തതായും അദ്ദേഹം സൂചിപ്പിച്ചു.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. മറ്റ് വാഹനങ്ങള്‍ക്ക് പിന്നില്‍ സുരക്ഷിതമായ അകലം പാലിക്കണം. മജ്ലിസില്‍ പൊതുജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന പ്രഭാഷണങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍ വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബോധവത്ക്കരണ പ്രസിദ്ധീകരണങ്ങള്‍ എന്നിവയിലൂടെ സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന സമഗ്രമായ പദ്ധതി തയ്യാറാക്കിയതായി കമ്മ്യൂണിറ്റി ബോധവത്ക്കരണ വിഭാഗം മേധാവി ലഫ്റ്റനന്റ് കേണല്‍ സെയ്ഫ് അല്‍ ജാബിരി പറഞ്ഞു. അബൂദബിയിലെ എല്ലാ സ്‌കൂള്‍ ബസുകളിലും റഡാറുകള്‍ സ്ഥാപിക്കും. എമിറേറ്റിലുടനീളമുള്ള 7,000 സ്‌കൂള്‍ ബസുകളിലാണ് റഡാറുകള്‍ സ്ഥാപിക്കുക.

കൂടാതെ ബസുകളിലെ സ്റ്റോപ്പ് ചിഹ്നങ്ങള്‍ അവഗണിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്തുമെന്നും അബൂദബി പോലീസ് വ്യക്തമാക്കി. സ്‌കൂള്‍ ബസുകളില്‍ റഡാറുകള്‍ സ്ഥാപിക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ ബസുകളുടെ ഒരു ഭാഗം ഉപയോഗിച്ച് നടപ്പാക്കും. അബൂദബി ട്രാഫിക് ആന്‍ഡ് പട്രോളിംഗ് ഡയറക്ടറേറ്റിലെ ട്രാഫിക് സ്റ്റഡീസ് മേധാവി അബ്ദുല്ല അല്‍ ഗഫേലി വ്യക്തമാക്കി. 2018-19 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ ബസ് സ്റ്റോപ്പ് അടയാളങ്ങള്‍ അവഗണിച്ചതിന് അബൂദബിയില്‍ 3,664 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയതായി പോലീസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ 126 നിയമലംഘനങ്ങള്‍ പോലീസ് രേഖപ്പെടുത്തി.

യു എ ഇ ഫെഡറല്‍ ട്രാഫിക് നിയമം അനുസരിച്ച് സ്‌കൂള്‍ ബസിന്റെ അഞ്ച് മീറ്ററില്‍ താഴെ അകലെ നില്‍ക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 1,000 ദിര്‍ഹവും ഡ്രൈവിംഗ് ലൈസന്‍സില്‍ 10 ബ്ലാക്ക് പോയിന്റുകളും പിഴയായി ലഭിക്കും. സ്‌കൂള്‍ ബസ് സ്റ്റോപ്പ് ചിഹ്നം പ്രദര്‍ശിപ്പിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ നിര്‍ത്തുക, അടിയന്തര വാഹനങ്ങള്‍ക്ക് വഴിയൊരുക്കുക, വേഗത ഒഴിവാക്കുക, വാഹനം ഡ്രൈവ് ചെയ്യുന്നവര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് കാമ്പയിന്റെ പ്രധാന സന്ദേശങ്ങള്‍. സെന്‍ട്രല്‍ ഓപ്പറേഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ ഷെഹി, ട്രാഫിക് ആന്‍ഡ് പട്രോളിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലിം ബരാക് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ട്രാഫിക് നിര്‍ദേശം നല്‍കും

മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ ട്രാഫിക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുമെന്ന്
അബൂദബി പോലീസ് സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്റ സോഷ്യല്‍ മീഡിയ സെന്റര്‍ മാനേജര്‍ മേജര്‍ ഇബ്രാഹിം അല്‍ ബതീഹ് സിറാജിനോട് വ്യക്തമാക്കി. ഇപ്പോള്‍ തന്നെ അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ, മലയാളം, ഉറുദു, ചൈന ഭാഷകളിലും അബൂദബി പോലീസ് ട്രാഫിക് ബോധവത്ക്കരണം നടത്തുന്നുണ്ട്. ട്രാഫിക് സുരക്ഷ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പ്രാദേശിക ഭാഷകളിലെ ബോധവത്ക്കരണം സജീവ പരിഗണനയിലാണ്. പ്രാദേശിക ഭാഷകളില്‍ പ്രചാരണം നടത്തുന്നതിലൂടെ സമൂഹത്തിലേക്ക് ബോധവത്ക്കരണം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്റ് സിനിമാ സ്‌ക്രീനുകള്‍, ഷോപ്പിംഗ് മാളുകള്‍ ഇലക്ട്രോണിക് മോണിറ്ററുകള്‍, ബസുകള്‍ എന്നിവയിലൂടെ ബോധവത്ക്കരണ സന്ദേശങ്ങള്‍ എത്തിക്കും. അറബിക്, ഇംഗ്ലീഷ്, ഉറുദു, മലയാളം, ചൈനീസ് എന്നീ അഞ്ച് ഭാഷകള്‍ ഇതിനായി ഉപയോഗിക്കും.

അല്‍ ദഫ്റയില്‍ ത്രീഡി സീബ്രാ ലൈന്‍

മിന മേഖലയില്‍ ആദ്യമായി 3 ഡി ഇഫക്‌റ്റോടുകൂടിയ സീബ്ര ക്രോസിംഗ് അബൂദബി അല്‍ ദഫ്ര മുനിസിപ്പാലിറ്റി സ്ഥാപിച്ചു. ഇരുണ്ട നിറങ്ങളില്‍ വരച്ച വരകള്‍ക്ക് മുകളില്‍ ഉയര്‍ത്തിയ വെളുത്ത സമാന്തര വരികളുടെ മിഥ്യാധാരണയാണ് 3 ഡി ഇഫക്‌റ്റോടുകൂടിയ സീബ്ര ക്രോസിംഗ്. അകലെ നിന്ന്, സീബ്ര ക്രോസിംഗ് റോഡിന് മുകളില്‍ കുറച്ച് സെന്റിമീറ്റര്‍ പൊങ്ങിക്കിടക്കുന്നതായി തോന്നും. ഇതാണ് ഇതിന്റെ പ്രത്യേകത. വാഹനമോടിക്കുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള ഒരു സവിശേഷ മാര്‍ഗം എന്ന നിലയിലാണ് അബൂദബിയില്‍ ഇത് നടപ്പിലാക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest