Connect with us

International

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഏഴ് ജീവനക്കാരെ ഉടന്‍ വിട്ടയച്ചേക്കും

Published

|

Last Updated

ലണ്ടന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഏഴ് ജീവനക്കാരെ ഉടന്‍ വിട്ടയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജീവനക്കാരില്‍ മലയാളികള്‍ ഉള്‍പ്പടെ അഞ്ച് ഇന്ത്യക്കാരുണ്ട്. ജൂലൈ 19നാണ് ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈയില്‍ ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു. ഇതിനു പ്രതികാരമായാണ് ഇറാന്‍ നടപടി സ്വീകരിച്ചത്. ഗ്രേസ്-1 ആഗസ്റ്റില്‍ ബ്രിട്ടന്‍ വിട്ടയച്ചിരുന്നു.

കപ്പലിലെ ജീവനക്കാരുമായോ ക്യാപ്റ്റനുമായോ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. മാനുഷിക പരിഗണന വച്ചാണ് ഇവരെ വിട്ടയക്കുന്നത്. ഏഴ് ജീവനക്കാരെയും മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എത്രയും പെട്ടെന്ന് അവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനാകും. ഔദ്യോഗിക തീരുമാനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്- കപ്പലിന്റെ ഉടമസ്ഥനായ സ്വീഡന്‍ സ്വദേശി സ്റ്റെനാ ബള്‍ക് പറഞ്ഞു.