അസമില്‍ നിന്ന് വിദേശ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കുന്നു

Posted on: September 4, 2019 5:16 pm | Last updated: September 4, 2019 at 8:58 pm

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ അസമിലെ ജനങ്ങളുടെ അവസ്ഥ ലോകത്തെ അറിയിക്കാനെത്തിയ അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരോട് മടങ്ങാന്‍ നിര്‍ദേശം. സംസ്ഥാനത്ത് അതിശക്തമായ സുരക്ഷാ നടപടികളാണുള്ളത്. ഇതിന് പിന്നാലെ അസമിനെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അസം സംബന്ധിച്ച വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയതോടെയാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസി (എ പി)ന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകയെ കഴിഞ്ഞ ദിവസം പോലീസ് അകമ്പടിയോടെ വിമാനത്താവളത്തിലെത്തിച്ച് ഡല്‍ഹിയിലേക്ക് കയറ്റിവിട്ടിരുന്നു.

എന്നാല്‍ ആവശ്യമായ അനുമതി രേഖകളുമായി എത്താന്‍ മാധ്യമപ്രവര്‍ത്തകയോട് ആവശ്യപ്പെടുകയായിരുന്നെന്നാണ് അസം സര്‍ക്കാര്‍ പ്രതികരിച്ചത്. വിദേശ മാധ്യമങ്ങള്‍ക്ക് ജമ്മു കശ്മീരിലും ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലും എത്തുന്നതിന് വിലക്കുണ്ട്. അസം സംരക്ഷിത മേഖലായി പ്രഖ്യാപിച്ചതോടെ ഇവിടെ പ്രവേശിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ ചില പ്രത്യേക അനുമതികള്‍ കൂടിയേ തീരൂവെന്നുമാണ് ഔദ്യോഗിക വിശദീകരണം.

രാജ്യാന്തര തലത്തില്‍ തെറ്റായ വാര്‍ത്തകള്‍ എത്താതിരിക്കാനാണ് ഇത്തരത്തിലെ നീക്കമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.