ശിവകുമാര്‍ ആശുപത്രി സി സി യുവില്‍: നടപടികള്‍ക്കായി ജഡ്ജി ആശുപത്രില്‍ എത്തിയേക്കും

Posted on: September 4, 2019 3:29 pm | Last updated: September 4, 2019 at 5:41 pm

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്ത കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ആര്‍ എം എല്‍ ആശുപത്രിയിയിലെ സി സി യു(കൊറോണറി കെയര്‍ യൂണിറ്റ്) വിലേക്ക് മാറ്റി. ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളുണ്ടെന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണിത്. ഇതോടെ ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ജഡ്ജി ആശുപത്രിയില്‍ എത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശിവകുമാറിനെ ഇന്ന് ഉച്ചക്ക് ശേഷം ഡല്‍ഹിയിലെ റോസ് അവന്യു കോടതിയില്‍ ഹാജരാക്കുമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ നല്‍കിയ സൂചന. എന്നാല്‍ രാത്രിയോടെ ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആര്‍ എം എല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഡോക്ടര്‍മാര്‍ നടത്തിയ വിശദ പരിശോധനയെ തുടര്‍ന്നാണ് സി സി യുവിലേക്ക് മാറ്റിയത്.

ശിവകുമാറിനെ സന്ദര്‍ശിക്കാന്‍ കെസി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍
ആശുപത്രിയില്‍ എത്തിയെങ്കിലും കാണാന്‍ പോലീസ് അനുവദിച്ചില്ല. ശിവകുമാറിന് മാനുഷിക പരിഗണന നല്‍കുന്നില്ലെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു.

കള്ളപ്പണക്കേസില്‍ നാലുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ഇന്നലെയാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്.