സഞ്ജീവ് ഭട്ടിന്റെ ജാമ്യം: വാദം കേള്‍ക്കുന്നതില്‍ വിട്ടുനിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി

Posted on: September 4, 2019 1:31 pm | Last updated: September 4, 2019 at 3:33 pm

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറി ഗുജറാത്ത് ഹൈക്കോടതി ജഡ്ജി. സഞ്ജീവിന്റെ ജാമ്യ ഹരജി പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി ബി മായാനിയാണ് ഹരജി പരിഗണിക്കാനാവില്ലെന്ന് അറിയിച്ചത്. എന്നാല്‍ എന്താണ് ഒഴിഞ്ഞ് മാറ്റത്തി്‌ന പിന്നിലെ കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല.

സഞ്ജീവ് ഭട്ടിന്റെ ജാമ്യ ഹരജി പരിഗണനക്ക് വന്നപ്പോള്‍ ‘എന്റെ മുമ്പാകെ വേണ്ട’ എന്നു ജസ്റ്റിസ് വി ബി മായാനി പറയുകയായിരുന്നു.

സഞ്ജീവ് ഭട്ടിനു പുറമേ പ്രവിന്‍സിന്‍ഹ് സാലയുടെയും ജാമ്യാ ഹരജിയാണ് ജസ്റ്റിസ് മായാനിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഭട്ടിന്റെയും സാലയുടെയും അപ്പീലുകള്‍ ഇതേ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണന കാത്തുകിടക്കുകയാണ്.

1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജാംനഗറിലെ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിനേയും സാലയേയും ജീവപര്യന്തം തടവിനുശിക്ഷിച്ചത്.