Connect with us

Kerala

ശ്രീറാമിന്റെ ക്രമക്കേട് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ നിയമവിരുദ്ധമായി പുറത്താക്കി

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ഔദ്യോഗിക പദവി തോന്നിയപോലെ ദുരുപയോഗം ചെയ്തതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ശ്രീറാമിന്റെ ക്രമക്കേടുകളെ എതിര്‍ത്തതിന്റെ പേരില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെ എ എസ് ഇ) എക്സിക്യുട്ടീവ് ഡയറക്ടറെ നിയമവിരുദ്ധമായി പിരിച്ചുവിട്ടു. ഇതിനെതിരെ കെ എ എസ് ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ച് ജോലിയില്‍ തിരികെ പ്രവേശിച്ചെങ്കിലും പദവിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ശ്രീറാം വെങ്കിട്ടരാമന്‍ കേരള ഫോര്‍സ്‌കില്‍സ് എക്സലന്‍സില്‍ മാനേജിംഗ് ഡയറക്ടറായിരിക്കെയായിരുന്നു സംഭവം. ശ്രീറാമിന്റെ നടപടികളെ ചോദ്യം ചെയ്ത് സര്‍ക്കാറിന് പരാതി നല്‍കിയ എക്സിക്യുട്ടീവ് ഡയറക്ടര്‍ പി ടി ഗിരീഷിനെയാണ് നിയമവിരുദ്ധമായി പിരിച്ചുവിട്ടത്.

സ്ഥിരം നിയമനമായിരുന്നിട്ടും നോട്ടീസ് പോലും നല്‍കാതെയാണ് ഗിരീഷിനെ പിരിച്ചുവിട്ടത്. ഗിരീഷിന്റെ പിരിച്ചുവിടല്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2018 ജൂണ്‍ 13ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ 20.12 എന്ന ഇനമായിട്ടാണ് ഇത് അജന്‍ഡയിലുണ്ടായിരുന്നത്. എന്നാല്‍ സമയക്കുറവുമൂലം 20.11 മുതല്‍ 20.19 വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ല. ഇവ പിന്നീടൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇതേ യോഗത്തില്‍ ഗിരീഷിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചെന്ന രേഖയുണ്ടാക്കിയാണ് അദ്ദേഹത്തെ പുറത്താക്കിയത്.

പിരിച്ചുവിടല്‍ വിവരം ഒപ്പിട്ട രേഖയായി നല്‍കുന്നതിന് പകരം ഇ-മെയിലിലൂടെയാണ് അറിയിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പിരിച്ചുവിടല്‍ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും സ്ഥിരം നിയമനം നല്‍കിയ ഉദ്യോഗസ്ഥനെ അതേ തസ്തികയില്‍ തന്നെ തിരിച്ചെടുക്കുകയും ചെയ്തു.

തൊഴില്‍ നിയമത്തിന്റെ മൗലിക അവകാശത്തിന്റെയും ലംഘനമാണിതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
ജോലിയിലിരിക്കെ സ്വന്തം സഹപ്രവര്‍ത്തകരോട് പോലും മോശം രീതിയില്‍ പെരുമാറിയ ഉദ്യോഗസ്ഥനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ എന്നത് ഇതിലൂടെ വ്യക്തമാണ്. ഔദ്യോഗിക പദവി പലപ്പോഴും വ്യക്തി താത്പര്യത്തിന് വേണ്ടി ഉപയോഗിച്ച ശ്രീറാം ബഷീറിനെ കൊലപ്പെടുത്തിയ സംഭവത്തിലും തന്റെ പദവി ഉപയോഗിച്ചാണ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

---- facebook comment plugin here -----

Latest