തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് മുന്നണികള്‍

Posted on: September 4, 2019 12:24 pm | Last updated: September 4, 2019 at 2:16 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് മുന്നണികള്‍ .വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ നാല് പഞ്ചായത്ത് വാര്‍ഡുകള്‍ എല്‍ഡിഎഫിനെ കൈവിട്ടു. മൂന്നെണ്ണം യൂഡിഎഫും ഒരെണ്ണം ബിജെപിയും പിടിച്ചെടുത്തു. കാരോട് പഞ്ചായത്തിലെ കാന്തല്ലൂര്‍ വാര്‍ഡ് എല്‍ഡിഎഫില്‍നിന്നും ബിജെപി സ്വന്തമാക്കി. ഇവിടെ ബിജെപിയുടെ കെ പ്രമോദാണ് വിജയിച്ചത്. ചെങ്കല്‍ പഞ്ചായത്തിലെ മര്യാപുരം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. കഴിഞ്ഞ തവണ സ്വതന്ത്രനായിരുന്നു ഇവിടെ ജയിച്ചത്. അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം വാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 149 വോട്ടിനാണ് ഇവിടെ ജയിച്ചത്. കുന്നത്തുകാല്‍ പഞ്ചായത്തിലെ നിലമാമൂട് വാര്‍ഡ് കോണ്‍ഗ്രസിലെ ഷിബു കുമാര്‍ വിജയിച്ചു കയറി. പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാര്‍ഡ് കോണ്‍ഗ്രസിലെ അശ്വതി പ്രദീപ് 190 വോട്ടള്‍ക്ക് പിടിച്ചെടുത്തു. പോത്തന്‍കോട് പഞ്ചായത്തിലെ മണലകം വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍ രാജേന്ദ്രന്‍ വിജയിച്ചു. 27 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കൊല്ലം കുളക്കട പഞ്ചായത്തിലെ മലപ്പാറ യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ സുനില്‍ കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ 198 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. കുണ്ടറ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ യുഡിഎഫിന് ജയം. കോണ്‍ഗ്രസിലെ അനില്‍ കുമാര്‍ വിജയിച്ചു.

എറണാകുളം മുളന്തുരുത്തി പഞ്ചായത്തിലെ 13ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ജോളി ജോര്‍ജ് 161 വോട്ടുകള്‍ക്ക് ജയിച്ചു. കളമശ്ശേരി നഗരസഭയിലെ 32ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.