ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഓഫീസിന് മുന്നില്‍ പാക് അനുകൂലികളുടെ പ്രതിഷേധം; കെട്ടിടത്തിന് നേരെ കല്ലേറ്

Posted on: September 4, 2019 11:24 am | Last updated: September 4, 2019 at 1:32 pm

ലണ്ടന്‍: പാകിസ്താന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ അക്രമം. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു. ചൊവ്വാഴ്ചയാണ് സംഭവം. ആഗസ്റ്റ് 15നും സമാനമായ പ്രതിഷേധം ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ നടന്നിരുന്നു. ഇതില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിറകെയാണ് വീണ്ടും അക്രമം.

പാക് അധിനിവേശ കശ്മീരിന്റെ പതാകകളുമായണ് പ്രതിഷേധക്കാര്‍ എത്തിയത്. ഇവര്‍ പാക് അനുകൂല മുദ്രാവാക്യവും ആസാദി കശ്മീര്‍ മുദ്രാവാക്യങ്ങളും മുഴക്കി. ഇന്ത്യന്‍ ഹൈകമീഷന്‍ കെട്ടിടത്തിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാര്‍ പരിസരത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ പറഞ്ഞു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സംഭവത്തെ അപലപിച്ചു.സംഭവത്തില്‍ കര്‍ശന നടപടിക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.