കൂടോത്രവാദത്തിന്റെ രാഷ്ട്രീയ സാധ്യതകള്‍

ബി ജെ പി നേതാക്കള്‍ക്കെതിരെ പ്രതിപക്ഷം കൂടോത്രം പ്രയോഗിക്കുന്നു എന്നാണ് പ്രജ്ഞാസിംഗ് ഠാക്കൂര്‍ പറയുന്നത്. ഇവർ ആളൊരു വമ്പത്തിയാണ്. നമ്മുടെ കേരള ബി ജെ പി നേതാക്കളെ പോലെ അമ്പലങ്ങള്‍ കൈയേറി അലമ്പുകാട്ടി വിടുവായിത്തം പ്രസംഗിക്കുന്ന ആളൊന്നുമല്ല. ഇന്ത്യന്‍ പാര്‍ലിമെന്റിലേക്ക് ജനം തിരഞ്ഞെടുത്തയച്ച ഒരു ജനപ്രതിനിധിയാണ്. ഇതിന് മുമ്പും ഇവരുടെ നാവ് ഇതിലും വലുത് വിളമ്പിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്ലിയുടെയും മരണത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ കൂടോത്ര പ്രയോഗം നടന്നിട്ടുണ്ടെന്നാണ് ആരോപണം. അന്തരിച്ച ഈ രണ്ട് നേതാക്കളും ഭരണകക്ഷി, പ്രതിപക്ഷ ഭേദമന്യേ ജനങ്ങളുടെ ആദരവ് പിടിച്ചു പറ്റിയവരായിരുന്നു. ഇവരോട് വേണ്ടായിരുന്നു ഈ പ്രയോഗം. ദുര്‍മന്ത്രവാദം ഫലിക്കുമായിരുന്നെങ്കില്‍ മറ്റേതെങ്കിലുമൊക്കെ ചില ബി ജെ പി നേതാക്കള്‍ക്കെതിരെ ആയിരുന്നു വേണ്ടിയിരുന്നത്. എങ്കില്‍ ഈ നാട് എന്നോ രക്ഷപ്പെടുമായിരുന്നു. പ്രജ്ഞാസിംഗിന്റെ ചുവട് പിടിച്ച് ചില ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് നേതാക്കളെങ്കിലും ബി ജെ പി കൂടോത്രം ചെയ്തിട്ടാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ തങ്ങളെ കൈവിട്ടതെന്ന് കണ്ടെത്തിക്കൂടായ്കയില്ല.
Posted on: September 4, 2019 10:23 am | Last updated: September 4, 2019 at 10:23 am

ഇന്നലേ ചെയ്‌തോരബദ്ധം മൂഢര്‍-
ക്കിന്നത്തെ യാചാരമാകാം
നാളത്തെ ശാസ്ത്രമതാവാം-
അതില്‍ മൂളായ്ക സമ്മതം രാജന്‍
-കുമാരനാശാന്‍

ബി ജെ പി നേതാക്കള്‍ക്കെതിരെ പ്രതിപക്ഷം കൂടോത്രം പ്രയോഗിക്കുന്നു എന്നാണ് പ്രജ്ഞാസിംഗ് ഠാക്കൂര്‍ പറയുന്നത്. ഇവർ ആളൊരു വമ്പത്തിയാണ്. നമ്മുടെ കേരള ബി ജെ പി നേതാക്കളെ പോലെ അമ്പലങ്ങള്‍ കൈയേറി അലമ്പുകാട്ടി വിടുവായിത്തം പ്രസംഗിക്കുന്ന ആളൊന്നുമല്ല. ഇന്ത്യന്‍ പാര്‍ലിമെന്റിലേക്ക് ജനം തിരഞ്ഞെടുത്തയച്ച ഒരു ജനപ്രതിനിധിയാണ്. ഇതിന് മുമ്പും ഇവരുടെ നാവ് ഇതിലും വലുത് വിളമ്പിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും മരണത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ കൂടോത്ര പ്രയോഗം നടന്നിട്ടുണ്ടെന്നാണ് ആരോപണം. അന്തരിച്ച ഈ രണ്ട് നേതാക്കളും ഭരണകക്ഷി, പ്രതിപക്ഷ ഭേദമന്യേ ജനങ്ങളുടെ ആദരവ് പിടിച്ചു പറ്റിയവരായിരുന്നു. ഇവരോട് വേണ്ടായിരുന്നു ഈ പ്രയോഗം. ദുര്‍മന്ത്രവാദം ഫലിക്കുമായിരുന്നെങ്കില്‍ മറ്റേതെങ്കിലുമൊക്കെ ചില ബി ജെ പി നേതാക്കള്‍ക്കെതിരെ ആയിരുന്നു വേണ്ടിയിരുന്നത്. എങ്കില്‍ ഈ നാട് എന്നോ രക്ഷപ്പെടുമായിരുന്നു. പ്രജ്ഞാസിംഗിന്റെ ചുവട് പിടിച്ച് ചില ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് നേതാക്കളെങ്കിലും ബി ജെ പി കൂടോത്രം ചെയ്തിട്ടാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ തങ്ങളെ കൈവിട്ടതെന്ന് കണ്ടെത്തിക്കൂടായ്കയില്ല.

ശശി തരൂര്‍ജിയുടെയും ജയറാം രമേഷ്ജിയുടെയും അഭിഷേക് സിംഗ്‌വിയുടെയും കുമ്പസാരം കോണ്‍ഗ്രസിനുള്ളില്‍ മറ്റൊരു കൂടോത്ര വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കേരളത്തിന്റെ ചെലവില്‍ ഇങ്ങനെയൊരു മോദി സ്തുതി, ഇടക്കാലത്ത് കേരളത്തില്‍ വന്നുപോകുന്ന ദേശാടനക്കിളികള്‍ നടത്തേണ്ടതില്ലെന്നാണ് കേരള നേതാക്കളുടെ കണ്ടെത്തല്‍. തരൂരിനെ ആ പാവം അബ്ദുല്ലക്കുട്ടിയുടെ തലത്തിലേക്ക് തരം താഴ്ത്താനാണ് മുരളീധര്‍ജിയും മുല്ലപ്പള്ളിജിയും ഒക്കെ ശ്രമിച്ചത്. അതത്ര ശരിയായില്ല. തരൂര്‍ എവിടെ? അബ്ദുല്ലക്കുട്ടിയെവിടെ? അബ്ദുല്ലക്കുട്ടി രാഷ്ട്രീയം പഠിച്ചത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളുടെ നടത്തിപ്പുകാരുടെ അവിദഗ്ധ കളരിയില്‍ നിന്നായിരുന്നെങ്കില്‍ തരൂര്‍ രാഷ്ട്രീയം അഭ്യസിച്ചത് ഐക്യരാഷ്ട്ര സഭയുടെ കളരിയില്‍ നിന്നാണ്. ദേശീയ നേതൃത്വത്തില്‍ കണ്ണുംനട്ട് സ്വപ്‌നം കണ്ട് കഴിയുന്ന കേരള നേതാക്കളുടെ കണ്ണിലെ കരടാണ് തിരുവനന്തപുരം എം പി ശശി തരൂര്‍. ഈ കരട് എടുത്ത് കളയാനുള്ള പരിശ്രമമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന പുരാവസ്തു തങ്ങളുടെ തറവാട്ട് സ്വത്താണെന്ന് കരുതുന്ന കേരള നേതാക്കള്‍ നടത്തുന്നത്.

ഇവര്‍ ആ പ്രജ്ഞാസിംഗ് ഠാക്കൂറിന് ശിക്ഷ്യപ്പെട്ട് അല്‍പ്പസ്വല്‍പ്പം കൂടോത്രം വല്ലതും പഠിച്ച് കോണ്‍ഗ്രസിനുള്ളിലെ മോദി സ്തുതിപ്പുകാര്‍ക്കെതിരെ ചില വിദ്യകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. ജാഗ്രത പുലര്‍ത്തണം. കൂടോത്രം കേവലം രാഷ്ട്രീയ പ്രസംഗം പോലെയല്ല. അത് വിശ്വാസത്തിന്റെ പ്രശ്‌നം കൂടെയാണ്. മാത്രമല്ല അത് ഇരുവശത്തും മൂര്‍ച്ചയുള്ള വാളാണ്. സൂക്ഷിച്ചില്ലെങ്കില്‍ കൈമുറിയും.
കൂടോത്രത്തിന്റെ സാധ്യതകളോടൊപ്പം തന്നെ പഠന വിഷയമാക്കാവുന്നതാണ് അസാമില്‍ നിന്നുള്ള ബി ജെ പി. എം എല്‍ എ ദിലീപ്കുമാറിന്റെ കണ്ടെത്തല്‍. ഓടക്കുഴല്‍ വായിച്ചാല്‍ പശുക്കള്‍ കൂടുതല്‍ പാല്‍ ചുരത്തും എന്നാണ് എം എല്‍ എ പറയുന്നത്. വിദേശികളായ മനുഷ്യരെ മാത്രമല്ല വിദേശ ജനുസ്സില്‍പ്പെട്ട പശുക്കളെയും നാടു കടത്തണമെന്നാണ് ഈ എം എല്‍ എ പറയുന്നത്. നാടന്‍ പശുക്കളുടെ പാലിന് പോഷക സമ്പുഷ്ടം അധികമാണ് പോലും. ഇനി ഉത്തരേന്ത്യയിലെ പശുപാലക കര്‍ഷകര്‍ പശുവളര്‍ത്തലിന് പുറമെ കുറേ സംഗീതം കൂടെ അഭ്യസിക്കേണ്ടി വരുമെന്ന് സാരം. ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് പോലും. വിമാനം മുതല്‍ ആറ്റം ബോംബ് വരെയുള്ള എത്രയെത്ര സാധനങ്ങളുടെ സാങ്കേതിക വിദ്യകളാണ് ഈ വിദേശികള്‍ ഭാരതത്തില്‍ നിന്ന് കടത്തിക്കൊണ്ട് പോയത്. അതിന് ഇവരുടെ കൈയില്‍ തെളിവുണ്ട് പോലും. വെല്ലുവിളിച്ചാല്‍ പണ്ടൊരു സിനിമയില്‍ ശങ്കരാടി ചെയ്തത് പോലെ ഇവര്‍ കൈ നിവര്‍ത്തി കാണിക്കും. ഇതാ കണ്ടോ എന്റെ കൈയിലെ രേഖകള്‍. ഇതിലപ്പുറം എന്ത് തെളിവാണ് വേണ്ടത്. ഈശ്വരോ രക്ഷതു! ഇതും ഇതിലപ്പുറവുമുള്ള എന്തെല്ലാം വങ്കത്തങ്ങളായിരിക്കും ഇവര്‍ പുതിയ തലമുറയെ പഠിപ്പിക്കാന്‍ പോകുന്നത്. കാത്തിരുന്ന് കാണുക തന്നെ.
തത്കാലം നമുക്ക് കൂടോത്രത്തിലേക്ക് തന്നെ മടങ്ങിപ്പോകാം. ഗൂഢ തന്ത്രമാണ് കൂടോത്രം. ഗൂഢ പത്രം എന്ന സംസ്‌കൃത പദധ്വയത്തില്‍ നിന്നാണ് കൂടോത്രത്തിന്റെ നിഷ്പത്തിയെന്നാണ് എം ലീലാവതി ടീച്ചറെ പോലുള്ള ഭാഷാ ശാസ്ത്രജ്ഞരുടെ അഭിപ്രായം. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മൂന്നും ഒരേ പോലെ വിശ്വാസ സംരക്ഷകരായ സ്ഥിതിക്ക് ഏറെ വൈകാതെ തന്നെ നമ്മുടെ സര്‍വകലാശാലകളില്‍ ഭാഷാ, സാഹിത്യം, തത്വചിന്ത ഇവയോടൊപ്പം കൂടോത്രം അഥവാ മന്ത്രതന്ത്രാധി വിഷയങ്ങള്‍ക്കും പ്രത്യേകം വകുപ്പുകള്‍ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പോള്‍ തന്നെ, ജ്യോതിഷം, യോഗ തുടങ്ങിയവ അംഗീകൃത സര്‍വകലാശാല വിഷയങ്ങളായി സ്ഥാനം പിടിച്ചിട്ടുണ്ട്. മാത്രമല്ല ചരിത്രം, ശാസ്ത്രം, തുടങ്ങിയ വിഷയങ്ങളില്‍ സാധാരണ മനുഷ്യര്‍ അവഗാഹം നേടുന്നത് മുഖ്യധാരാ ഭരണ, പ്രതിപക്ഷ കക്ഷികള്‍ക്കു പലതു കൊണ്ടും അസൗകര്യം ഉളവാക്കുകയും ചെയ്യും. അത്തരം വിഷയങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഇപ്പോഴും വല്ല ചന്ദ്രനിലേക്കും പോകുന്ന കാര്യം ആലോചിക്കാവുന്നതാണ്.
ഇന്ത്യക്കാരുടെ സ്വന്തമെന്ന് പറയാവുന്ന എന്തെന്തു വിദ്യകളാണ് നമ്മുടെ പഴയ മന്ത്രവാദ ഗ്രന്ഥങ്ങളില്‍ മറഞ്ഞു കിടക്കുന്നത്. അത്തരം താളിയോല ഗ്രന്ഥങ്ങള്‍ തപ്പിയെടുത്ത് പൊടിതട്ടി അച്ചടിച്ചു പ്രസിദ്ധീകരിച്ച് കുട്ടികളെ പഠിപ്പിക്കുന്ന ജോലി ചിലരെ ഏല്‍പ്പിക്കാം. പണ്ട്, വൈസ് ചാന്‍സിലര്‍മാരായും പി എസ് സി ചെയര്‍മാന്മാരായും ജോലി ചെയ്ത, ഇപ്പോള്‍ ബി ജെ പിയില്‍ ചേരാന്‍ ക്യൂ നില്‍ക്കുന്ന വല്ല പഴയ സാറന്മാരെയും ഏല്‍പ്പിക്കാവുന്നതാണ്. കശ്മീര്‍ പ്രശ്‌നം ഉള്‍പ്പെടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പു വരുത്തുന്നതിനുള്ള ഭൂതങ്ങളെ ഇപ്പോള്‍ തന്നെ നരേന്ദ്ര മോദി, അമിത് ഷാ താന്ത്രിക മുഖ്യന്മാര്‍ കുടത്തില്‍ നിന്ന് തുറന്നു വിട്ടു കഴിഞ്ഞു. കേരളത്തിലെ ശബരിമല പരീക്ഷണത്തിന്റെ ഗുണഫലം ആ കോണ്‍ഗ്രസുകാര്‍ കൈവശപ്പെടുത്തി എന്നത് അമിത് ഷാ മോദി കൂട്ടുകെട്ടിനെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. പ്രജ്ഞാസിംഗ് ഠാക്കൂര്‍ജിയുടെ കൂടോത്ര വിദ്യ പാഠ്യവിഷയമാക്കുന്ന പക്ഷം മറ്റൊരു അഞ്ച് വര്‍ഷം കൂടെ സംഗതി കുശാലായിരിക്കും എന്നാണ് നാഗ്പൂര്‍ സംഘത്തിന്റെ നിഗമനം.

കൂടോത്രത്തിന്റെ അടിസ്ഥാന വിദ്യയായ മന്ത്രവാദത്തിന് സദ് മന്ത്രവാദമെന്നും ദുര്‍ മന്ത്രവാദമെന്നും രണ്ട് മുഖമുണ്ട്. ഓരോന്നും അനുഷ്ഠിക്കേണ്ടതെന്തിനൊക്കെ, എങ്ങനെ എന്നൊക്കെ വിവരിക്കുന്ന ധാരാളം മന്ത്രവാദ ഗ്രന്ഥങ്ങള്‍ വടക്കേ ഇന്ത്യയില്‍ നിന്ന് കേരളത്തിലേക്കു കുടിയേറിയ നമ്പൂതിരിമാര്‍ കൊണ്ടുവന്നത് ഇന്ന് പലരുടെയും കൈവശമുണ്ട്. ഗവേഷണം വഴി പി എച്ച് ഡി ബിരുദം നേടാന്‍ വെമ്പല്‍ പൂണ്ടു നടക്കുന്ന നമ്മുടെ ബിരുദാര്‍ഥികളുടെ വിഷയ ദാരിദ്ര്യം പരിഹരിക്കാന്‍ ഈ പുസ്തകങ്ങളെ പ്രയോജനപ്പെടുത്താവുന്നതാണ്. അവയില്‍ ചിലതിന്റെയൊക്കെ പേരുകള്‍ ഡോ. എസ് കെ വസന്തന്‍ തയ്യാറാക്കി കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച (2005) കേരള സംസ്‌കാര നിഘണ്ടുവില്‍ നല്‍കിയിട്ടുണ്ട്. പ്രപഞ്ചസാരം, ശാരദാതിലകം, മന്ത്രസാരം, പ്രയോഗസാരം, യന്ത്രസാരം, ബലികല്‍പ്പം ഇവയാണ് പ്രധാനമായും പുസ്തകങ്ങള്‍.

ഗണപതി, ഭഗവതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, നരസിംഹം എന്നിവരാണ് സദ് മന്ത്രവാദികളുടെ ഉപാസനാ മൂര്‍ത്തികള്‍. കുട്ടിച്ചാത്തനും ഭദ്രകാളിയും യക്ഷിയുമൊക്കെയാണ് പ്രധാനപ്പെട്ട ദുര്‍ മന്ത്രവാദ മൂര്‍ത്തികള്‍. പ്രധാനമായും നമ്പൂതിരി കുടുംബങ്ങള്‍ക്കാണ് മന്ത്രവാദത്തിനും ക്ഷുദ്ര പ്രയോഗത്തിനുമൊക്കെ പാരമ്പര്യമായി അവകാശം ഉള്ളത്. അപൂര്‍വം ചില ശൂദ്ര പിന്നാക്ക ജാതിക്കാരും ദുര്‍ മന്ത്രവാദം ശീലിച്ചവരായിട്ടുണ്ട്. ക്രിസ്ത്യാനികളിലെ മന്ത്രവാദിയായി പേരെടുത്ത് തന്റെ സമകാലിക നമ്പൂതിരി പ്രമുഖന്മാരെ പോലും വിറപ്പിച്ച വ്യക്തിയായിരുന്നു സാക്ഷാല്‍ കടമറ്റത്തു കത്തനാര്‍.

രാജ്യം ഭരിക്കുന്ന ഭരണകക്ഷിയും മുഖ്യ പ്രതിപക്ഷ കക്ഷികളും ഇവയൊക്കെ ക്രോഡീകരിച്ച് കേന്ദ്ര മാനവ വിഭവ വകുപ്പിന്റെ കീഴില്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ ‘കേന്ദ്ര മന്ത്രതന്ത്ര കൂടോത്രാദിവകുപ്പ്’ എന്ന പേരില്‍ ഒരു വകുപ്പു തന്നെ ഉണ്ടാക്കി പ്രജ്ഞാസിംഗ് ഠാക്കൂര്‍ എന്ന പാര്‍ലിമെന്റ് മെമ്പറെ തന്നെ വകുപ്പു മന്ത്രിയാക്കി സത്യപ്രതിജ്ഞ ചൊല്ലിപ്പിക്കുകയോ പോലും ചെയ്യാവുന്നതാണ്. അപാരമാണ് ഇത്തരം ഒരു വകുപ്പിന്റെ സാധ്യതകള്‍.

ലേഖകന്റെ ഫോണ്‍: 9446268581

കെ സി വര്‍ഗ്ഗീസ്‌