ചന്ദ്രനെ തൊടാനൊരുങ്ങി ചാന്ദ്രയാന്‍ രണ്ട്; ഭ്രമണപഥമാറ്റം വിജയകരം

Posted on: September 4, 2019 9:33 am | Last updated: September 4, 2019 at 1:11 pm

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പേടകമായ ചാന്ദ്രയാന്‍2 ഭ്രമണപഥമാറ്റം വിജയകരമായി പൂര്‍ത്തിയായി. ഇന്ന് പുലര്‍ച്ചെ 3.42നാണ് വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ നടന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിലെ പ്രോപ്പല്‍ഷന്‍ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ഇപ്പോള്‍ ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവും ആയ ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍.

വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയ ആരംഭിക്കുക. പുലര്‍ച്ചെ 1.302.30നും ഇടയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും.

ജൂലായ് 22നാണ് 978 കോടി രൂപ ചെലവില്‍ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍2 ജിഎസ്എല്‍വി മാര്‍ക്ക് കുതിച്ചുയര്‍ന്നത്.