ഈസ്‌റ്റേണ്‍ ഇക്കോണമി ഫോറം: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് തിരിച്ചു

Posted on: September 3, 2019 9:41 pm | Last updated: September 3, 2019 at 9:41 pm

ന്യൂഡല്‍ഹി: അഞ്ചാം ഈസ്‌റ്റേണ്‍ ഇക്കോണമി ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി റഷ്യയിലേക്ക് പുറപ്പെട്ടു. ഉച്ചകോടിയില്‍ മുഖ്യാതിഥിയായിരിക്കും മോദി. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഇരുപതാം വാര്‍ഷിക ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. സന്ദര്‍ശനം മൂന്ന് ദിവസം നീളും.

ഇന്ത്യ – റഷ്യ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് പുടിനുമായി വിപുലമായ ചര്‍ച്ചകള്‍ നടത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സന്ദര്‍ശനത്തിന് മുമ്പായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

സന്ദര്‍ശനത്തിനിടെ ഗാന്ധിജിയുടെ 150ാം ജന്മ വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുമെന്നും മോദി പറഞ്ഞു. യോഗയെ ജനപ്രിയമാക്കുന്നതിനുള്ള നൂതനമായ അപ്ലിക്കേഷനും പുറത്തിറക്കും.

വ്‌ലാഡിവോസ്റ്റോക്കിലെ സ്വെസ്ഡ കപ്പല്‍ നിര്‍മ്മാണ സമുച്ചയം സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കപ്പല്‍ നിര്‍മ്മാണ മേഖലയിലെ റഷ്യയുടെ മാതൃകാപരമായ കഴിവുകളെക്കുറിച്ച് അറിയുന്നതിനും ഈ മേഖലയിലെ സഹകരണത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനും ഈ സന്ദര്‍ശനം മികച്ച അവസരമാകുമെന്ന് അദ്ദേഹം പറഞ്ഞു.