Connect with us

Kerala

പത്തന‌ംതിട്ട ജില്ലാ ആശുപത്രിയിലെ രോഗികളുടെ സ്വകാര്യ വിവരങ്ങൾ പാക് ഹാക്കർ ചോർത്തി

Published

|

Last Updated

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കമ്പ്യൂട്ടർ സോഫ്റ്റ് വെയറിൽ നിന്നുളള വിവരങ്ങൾ പാകിസ്ഥാൻ കേന്ദ്രമായ നുഴഞ്ഞുകയറ്റക്കാർ ചോർത്തി. നാല് വർഷത്തെ വിവരങ്ങളാണ് നഷ്ടപ്പെട്ടത്. രോഗികളുടെ പേരും സ്വദേശവും രോഗവിവരവും അടങ്ങിയ സോഫ്റ്റ് വെയർ പാകിസ്ഥാൻ കേന്ദ്രമായ ഐ.പി വിലാസം മുഖേനയാണ് ഹാക്ക് ചെയ്തത്. വിവരങ്ങൾ തിരിച്ചു നൽകണമെങ്കിൽ രണ്ടര ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടിരിക്കുകയാണ്. 10 ദിവസത്തിനുളളിൽ പണം അയച്ചു കൊടുത്തില്ലെങ്കിൽ വിവരം തിരിച്ചു നൽകില്ലെന്ന് ആശുപ്രതിയിലെ കമ്പ്യൂട്ടറിൽ ലഭിച്ച സന്ദേശത്തിൽ കണ്ടെത്തി.

സെപ്തംബർ ഒന്നിന് പുലർച്ചെ 4.40നും രണ്ടിന് ഉച്ചക്ക് ഒരുമണിക്കുമിടയിലാണ് വിവരങ്ങൾ ചോർത്തിയത്. ഇന്നലെ രാവിലെ ആശുപത്രി ഒ.പി വിഭാഗത്തിന്റെ കമ്പ്യൂട്ടർ ഓൺ ചെയ്തപ്പോഴാണ് വിവരങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് സോഫ്റ്റ് വെയർ തയ്യാറാക്കിയ സ്വകാര്യ ഏജൻസി നടത്തിയ പരിശോധനയിലാണ് പാകിസ്ഥാൻ കേന്ദ്രമായ ഏജൻസിയാണ് വിവരങ്ങൾ ചോർത്തിയതെന്ന് കണ്ടെത്തിയതും സന്ദേശം ലഭിച്ചതും.

ഇതേ തുടർന്ന് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.സാജൻ മാത്യൂസ് സൈബർ പൊലീസിന് പരാതി നൽകി. ജില്ലാ മെഡിക്കൽ ഒാഫീസറെയും വീണാ ജോർജ് എം.എൽ.എയെയും വിവരം അറിയിച്ചു.