Connect with us

National

അഞ്ച് ശതമാനം എന്തെന്നറിയില്ലെ; മോദിയെ ട്രോളി ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ കസ്റ്റഡി കാലാവധി നീട്ടിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെ ട്രോളി മുന്‍ ധനമന്ത്രി പി ചിദംബരം. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്ത് വന്നപ്പോഴാണ് അറസ്റ്റിനെ കുറിച്ച് മാധ്യമങ്ങള്‍ ചിദംബരത്തോട് ചോദ്യം ഉന്നയിച്ചത്. 15 ദിവസത്തെ സിബിഐ കസ്റ്റഡിയെ കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്.

ഇതിന് മറുപടിയായി അഞ്ച് ശതമാനം എന്ന് മാത്രമാണ് ചിദംബരം മറുപടി പറഞ്ഞത്. അഞ്ചെന്ന് ആഗ്യം കാണിക്കുകയുംചെയ്തു. ഇതോടെ എന്താണ് ആ അഞ്ച് ശതമാനം എന്ന് വീണ്ടും മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. അഞ്ച് ശതമാനം എന്താണെന്ന് നിങ്ങള്‍ ഓര്‍ക്കുന്നില്ലേയെന്നാണ് ഇതിനോട് ചിദംബരം പ്രതികരിച്ചത്.

രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ തോത് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.
ജിഡിപി നിരക്കിലുണ്ടായ ഇടിവിനെ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിനെ കുറിച്ചുള്ള ആദ്യ പ്രതികരണത്തില്‍ മോദി സര്‍ക്കാരിനെ ചിദംബരം പരിഹസിച്ചത്. വളര്‍ച്ചാ നിരക്കിലെ കുറവ് ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമാണ് നീക്കത്തിന്റെ ഭാഗമാണ് തന്റെ അറസ്‌റ്റെന്ന് പറയാതെ പറയുകയാണ് ചിദംബരം