Connect with us

Kerala

വിദ്വേഷ പരാമര്‍ശം: ആകാശവാണി അസി. ഡയറക്ടര്‍ കെ ആർ ഇന്ദിരക്ക് എതിരെ കേസെടുത്തു

Published

|

Last Updated

കൊടുങ്ങല്ലൂര്‍: അസമിലെ പൗരത്വപട്ടികയുമായി ബന്ധപ്പെട്ട് തൂത്തുകുടി ആകാശവാണി നിലയത്തില്‍ അസിസ്റ്റന്റ് ഡയറക്റ്ററായ കെ ആര്‍ ഇന്ദിര ഫെയ്‌സ്ബുക്കില്‍ നടത്തിയ വംശീയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തു. കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ്് സെന്ററെന്ന മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തകനായ എം ആര്‍ വിപിന്‍ദാസിന്റെ പരാതിയിലാണ് കെ ആര്‍ ഇന്ദിരക്കെതിരെ കേസെടുത്തത്. ഇന്ദിരയുടെ പരാമര്‍ശങ്ങള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് വിപിന്‍ദാസ് പരാതിയില്‍ പറയുന്നു.

“”ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്‌നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാതെ. പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാവാം”” എന്നാണ് കെ ആര്‍ ഇന്ദിര ഫെയ്‌സുബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇതിലും രൂക്ഷമായ വര്‍ഗീയ പരാമര്‍ശങ്ങളും ഇന്ദിര നടത്തി.

“മുസ്‌ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്‌ലിംകളുടെ പ്രസവം നിര്‍ത്താനെന്നും കെ ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ പറഞ്ഞു.

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമത്തില്‍ പരാമര്‍ശം നടത്തിയതിന് 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വിഷയം വിവാദമായപ്പോഴും തന്റെ നിലപാടിലുറച്ച് ഇന്ദിര വീണ്ടും രംഗത്തെത്തി. ഇന്ത്യയിലെ ജനപ്പെരുപ്പം നിയന്ത്രിക്കേണ്ടതിനെ കുറിച്ച് തന്റെ എഫ് ബി പോസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും മറ്റെന്തൊക്കെയോ മാനിപ്പുലേഷന്‍ നടത്തുന്നുവെന്നുമാണ് ഇന്ദിര ന്യായീകരണവുമായി എത്തിയത്. ആരെന്തു പറഞ്ഞാലും നരേന്ദ്രമോദി തന്നെ പറഞ്ഞാലും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അവര്‍ പുതിയ പോസ്റ്റില്‍ പറയുന്നു. ഇന്ത്യയിലെ ജനസംഖ്യ നൂറ് കോടിയില്‍ താഴെ ആയിരിക്കണമെന്നും അതിലേക്കെത്തും വരെ കര്‍ശനമായ ജനന നിയന്ത്രണം നടപ്പിലാക്കണമെന്നുമാണ് ഇന്ദിരയുടെ ന്യായം.