വര്‍ഗീയ വിഷം ചീറ്റിയ കെ ആര്‍ ഇന്ദിരക്കെതിരെ വ്യാപക പരാതി

Posted on: September 3, 2019 8:12 pm | Last updated: September 3, 2019 at 8:27 pm

തൃശൂര്‍: തൂത്തുകുടി ആകാശവാണി അസി. ഡയറക്ടറും എഴുത്തുകാരിയുമായ കെ ആര്‍ ഇന്ദിര ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രസ്താവനക്ക് എതിരെ വ്യാപക പരാതി. ഇന്ദിരക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഇതിന് പുറമെ ഇന്ദിരക്ക് എതിരെ സൈബര്‍ സെല്ലിലും പോലീസിലും നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്. വിവാദത്തിന് പിന്നാലെ കെ ആർ ഇന്ദിര പോസ്റ്റ് പിൻവലിച്ചുവെങ്കിലും ഇതിൻെറ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ദിര അസമിലെ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട കുറിപ്പും അതിന് വന്ന കമന്റുകള്‍ക്ക് നല്‍കിയ മറുപടിയുമാണ് വിവാദമായത്. ഇന്ത്യന്‍ പൗരന്മാര്‍ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ താമസിപ്പിക്കാമെന്നും പെറ്റുപെരുകാതിരിക്കാന്‍ സ്‌റ്റെറിലൈസ് ചെയ്യാമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്. ഇതിനെതിര വന്ന കമന്റുകള്‍ക്ക് അതിലും വര്‍ഗീയമായ പരാമര്‍ശമായിരുന്നു മറുപടി. താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യുമെന്നും ഇത് തടയാന്‍ പൈപ്പ് വെള്ളത്തില്‍ ഗര്‍ഭന നിരോധന മരുന്ന് കലര്‍ത്തണമെന്നുമായിരുന്നു മറുപടികളില്‍ ഒന്ന്. കേരളത്തിലെ ഇടതരുടെ കാപട്യം കാണുമ്പോള്‍ ഒരു ഹോളോകാസ്റ്റ് (ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല നടത്തിയതിന് പൊതുവേ പറയുന്ന പരമാര്‍ശം) നടത്തിയാലോ എന്ന് തോന്നാറുണ്ടെന്നും ഇന്ദിര പ്രതികരിച്ചിരുന്നു. ഇസ്ലാം മതത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന മറുപടികളും കമന്റിലുണ്ട്.

വംശീയ അധിക്ഷേപത്തിന് എതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശത്തിന് എതിരെയും പോലിസില്‍ പരാതി നല്‍കിയതായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന്ന ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ദിരക്ക് എതിരെ സൈബര്‍ സെല്ലില്‍ ഓണ്‍ലൈനായി പരാതി നല്‍കിയതായി എഴുത്തുകാരി രേഖാ രാജും അറിയിച്ചു.

ഇന്ദിരക്ക് എതിരെ കശന നിയമ നടപടി വേണമെന്ന് 50ല്‍ അധികം സാസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പുവെച്ച നിവേദനത്തില്‍ പറയുന്നു. നിവേദനത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:

‘ജനാധിപത്യ മതേതര ഇന്ത്യ അതിഭീകരമായ ഫാസിസ്റ്റ് വാഴ്ചയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്
തലമുറകളായി ജനിച്ചു വളര്‍ന്ന മണ്ണില്‍ ഒരൊറ്റ ദിവസം കൊണ്ട് പത്തൊന്‍പതു ലക്ഷത്തില്‍പ്പരം മനുഷ്യര്‍ അഭയാര്‍ത്ഥികളായി മാറുമ്‌ബോള്‍ നേരിയൊരു നടുക്കം കൊണ്ടുപോലും പ്രതികരിക്കാനറിയാത്ത നിസ്സംഗത നമ്മില്‍ വളര്‍ന്നുവരുന്നുണ്ട്. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ഭീഷണിയുടെ നാനാവിധമായ യുദ്ധമുഖങ്ങളാണ് തുറന്നുകൊണ്ടിരിക്കുന്നത്. അങ്ങ് വിദൂരമായ ദേശങ്ങളില്‍ നടക്കുന്ന കേവല സംഭവങ്ങളായതിനാല്‍ ഇതൊന്നും നമ്മെ ബാധിക്കില്ലെന്ന വിശ്വാസത്തില്‍ നമ്മള്‍ ചുരുണ്ടുകൂടുമ്‌ബോള്‍ ഫാസിസം വിജയിക്കുകയാണിവിടെ.

അരിച്ചരിച്ചെത്തുന്ന ഫാസിസം കേരളത്തിന്റെ കാലടിയോളം വന്നിരിക്കുന്നു. അസമിലെ പൗരത്വ പട്ടികയുടെ മാതൃകയില്‍ കേരളത്തില്‍ ഹോളോകോസ്റ്റ് സംഘടിപ്പിക്കണമെന്ന്? ആവശ്യപ്പെടുന്നവരുണ്ട്. പെ?ട്ടെന്നൊരു നാള്‍ പൊട്ടിമുളച്ചവരല്ല അവരെന്ന് നമുക്കിപ്പോള്‍ തിരിച്ചറിയാനാവുന്നുണ്ട്. കാലങ്ങളായി മനസ്സില്‍ പേറി നടന്ന, മറച്ചുപിടിച്ചിരുന്ന വര്‍ഗീയ വംശീയ വിദ്വേഷം പൊട്ടിയൊലിക്കാന്‍ പാകമായ സാഹചര്യം രാജ്യത്ത് ഉരുത്തിരിഞ്ഞിരിക്കുന്നുവെന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ആരാണ് തങ്ങളെ ചോദ്യം ചെയ്യാന്‍ എന്ന മൃഗീയ ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യത്തിലാണവര്‍.

കേരളത്തില്‍ വംശഹത്യ നടപ്പാക്കണമെന്ന്? ആവശ്യപ്പെട്ട് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത് ആകാശവാണിയുടെ തലപ്പത്ത് ഇരിക്കുന്ന ഒരു മലയാളി സ്ത്രീയാണ്. ഈ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും നല്‍കുന്ന നികുതി പണത്തിന്റെ ഗുണഭോക്താവായി ജന സേവകയായിരിക്കേണ്ട ഒരുദ്യോഗസ്ഥയാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് വര്‍ഗീയ ലഹളയ്ക്ക് ആഹ്വാനം നല്‍കുന്നത്.അവര്‍ വഹിക്കുന്ന പദവിയില്‍ ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ലെന്ന്. അവര്‍ ആവര്‍ത്തിച്ചു വമിപ്പിക്കുന്ന വിഷലിപ്തമായ വാക്കുകള്‍ നിരന്തരം സാക്ഷ്യപ്പെടുത്തുമ്‌ബോഴും അവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവുന്നുമില്ല.

ആകാശവാണി പോലുള്ള പൊതുമേഖലാ മാധ്യമത്തില്‍ തുടരാന്‍ അവര്‍ക്ക്? യാതൊരു അര്‍ഹതയുമില്ലെന്ന് പകല്‍ പോലെ തെളിഞ്ഞിരിക്കെ ആ, പദവിയില്‍ നിന്ന് അവരെ പുറത്താക്കുകയും അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.’

ലതികാ സുഭാഷ്,വി പി സുഹ്‌റ, കെ കെ ബാബുരാജ് , ഡോ ജെ ദേവിക,സി എസ് ചന്ദ്രിക,സി കെ ജാനു, കെ എസ് ഹരിഹരന്‍ ,ശാരദക്കുട്ടി,അംബിക,ഡോ രേഖരാജ്,കെ കെ രമ,ശ്രീജ നെയ്യാറ്റിന്‍കര,ശീതള്‍ ശ്യാം,തനൂജ ഭട്ടതിരി, ലാലി പി എം, റെനി ഐലിന്‍, വിനീത വിജയന്‍, സോണിയ ജോര്‍ജ്ജ്, മൃദുലദേവി ശശിധരന്‍, പ്രമീള ഗോവിന്ദ് , അഡ്വ മായാ കൃഷ്ണന്‍, കെ പി പ്രകാശന്‍, അഡ്വ കെ കെ പ്രീത, രശ്മി, കെ ജി ജഗദീശന്‍, ഭൂമി ജെ എന്‍,ഷമീന ബീഗം,വീണ ജെ എസ്,മഞ്ജു ഉണ്ണി,മുഹമ്മദ് ഉനൈസ് ,സുജാഭാരതി,സഫിയ പി.എം, മാനസി പി കെ,ഹൈറുന്നിസ,അഡ്വ നന്ദിനി,നാസര്‍ മാലിക് ,വഹീദ ഷംസുദ്ദീന്‍,അമലാ ഷഫീക്ക്,റീനാ പി റ്റി,അഡ്വ സുജാത വര്‍മ്മ, ഉഷാ കുമാരി, നജ്മാ ജോസ്,സേതുലക്ഷ്മി,ഷഫീഖ് സുബൈദ ഹക്കിം ,ഹസീനാ മുജിബ്,ആശാ റാണി ,ഹണി ഭാസ്‌കരന്‍, പ്രശാന്ത് സുബ്രമഹ്ണ്യന്‍,സംഗീത ജയ,അപര്‍ണ ശിവകാമി,പ്രസന്ന ആര്യന്‍,സ്മിത എന്‍ ,ബി എസ് ബാബുരാജ്,മൃദുല ഭവാനി,ശ്രീകല മുല്ലശ്ശേരിഡോ.അസീസ് തരുവണ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

നേരത്തെയും ഇന്ദിര ഫേസ്ബുക്കിലൂടെ വംശീയ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന് നല്‍കിയത് സമൂഹത്തില്‍ വിഭജനം നടത്താന്‍ വേണ്ടിയായിരുന്നു എന്നായിരുന്നു അതിലൊന്ന്.‘വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും ഞാന്‍ കണ്ടില്ല. സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രം എന്ന് ഈ അവാര്‍ഡിനെ ഞാന്‍ മനസ്സിലാക്കുന്നു. ആ നിലയ്ക്ക് അത് വളരെ നല്ല നടപടിയാണ്’ എന്നായിരുന്നു ഇന്ദിരയുടെ പരാമര്‍ശം. വിനായകനെതിരെയുള്ള പരാമര്‍ശമടക്കം നിരവധി പരാമര്‍ശങ്ങളാണ് പലപ്പോഴായി ഇന്ദിര നടത്തിയിട്ടുള്ളത്.