Connect with us

Kerala

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി; പ്രതിപക്ഷ അംഗത്തിന് പരുക്ക്

Published

|

Last Updated

കോഴിക്കോട്: മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കണ്‍സള്‍ട്ടന്‍സി കരാറിനെച്ചൊല്ലി കോഴിക്കോട് നഗരസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. സംഘര്‍ഷത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍ സി അബ്ദുള്‍ റഹ്മാന് പരിക്കേറ്റു.

കേന്ദ്ര സര്‍ക്കാറിന്റെ അമൃത് പദ്ധതിക്കു കീഴില്‍ കോഴിക്കോട് നഗരത്തിലെ രണ്ടിടത്തായി 100 കോടിയേറെ രൂപ ചെലവിട്ട് മലിനജല സംസ്‌കരണ പ്‌ളാന്റിനായി റാം ബയോളജിക്കല്‍സ് എന്ന സ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിനെച്ചൊല്ലി ഏറെ നാളായി ഭരണപക്ഷവും പ്രതിപക്ഷവും തര്‍ക്കം തുടരുകയാണ്.
ഇന്നത്തെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ ആദ്യ അജണ്ട ഈ വിഷയമായിരുന്നു. റാം ബയോളജിക്കല്‍സ് തയ്യാറാക്കിയ ഡിപിആര്‍ ഉപയോഗിച്ച് മറ്റെവിടെയെങ്കിലും വിജയകരമായി പദ്ധതി നടപ്പാക്കിയിട്ടുണ്ടോ എന്നതായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍ വിദ്യാബാലകൃഷ്ണന്റെ ആദ്യ ചോദ്യം. നടപ്പാക്കിയിട്ടുണ്ടെന്ന് ഒറ്റവാക്കില്‍ മറുപടി നല്‍കിയ മേയര്‍ അടുത്ത ചോദ്യത്തിലേക്ക് കടക്കാനാവശ്യപ്പെട്ടു. മലിനജല സംസ്‌കരണ പ്‌ളാന്റിനായി കോതി, ആവിക്കല്‍തോട് എന്നീ പ്രദേശങ്ങള്‍ തെരഞ്ഞെടുത്തിന് കൗണ്‍സില്‍ അംഗീകാരം ഉണ്ടോയെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ഉണ്ടെന്ന് മറുപടി പറഞ്ഞ മേയര്‍ കൂടുതല്‍ ചോദ്യങ്ങള്‍ അനുവദിച്ചില്ല.
ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി മേയറുടെ ചെയറിനടുത്തേക്ക് നീങ്ങി. ഇതിന് പിറകെ ഭരണപക്ഷവും പാഞ്ഞെത്തി. തുടര്‍ന്ന് നടന്ന പോര്‍വിളി കയ്യാങ്കളിയിലവസാനിക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ കണ്ണിന് പരുക്കേറ്റ യുഡിഎഫ് കൗണ്‍സിലര്‍ അബ്ദുള്‍ റഹ്മാനെ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

---- facebook comment plugin here -----

Latest