ഹിന്ദു തീവ്രവാദ ഗ്രൂപ്പിന്റെ എതിര്‍പ്പ്; ജര്‍മനിയിലെ ഭക്ഷ്യമേളയില്‍ നിന്ന് ബീഫ് ഒഴിവാക്കാന്‍ കോണ്‍സുലേറ്റിന്റെ നിര്‍ദേശം

Posted on: September 3, 2019 5:46 pm | Last updated: September 3, 2019 at 9:19 pm

ന്യൂഡല്‍ഹി: ഹൈന്ദവ തീവ്രവാദ സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജര്‍മനിയിലെ ഫ്രാങ്ക് ഫര്‍ട്ടില്‍ നടന്ന ഭക്ഷ്യമേളയില്‍ നിന്ന് ബീഫ് ഒഴിവാക്കി. ഹിന്ദുത്വ സംഘടനകള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ബീഫ് കറി മെനുവില്‍ നിന്ന് നീക്കം ചെയ്യാന്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെടുകയായിരുന്നു.

ഓഗസ്റ്റ് 31 നാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യ ഫെസ്റ്റ് നടന്നത്. ജര്‍മ്മനിയിലെ മലയാളി സാംസ്‌കാരിക സംഘടനയായ കേരള സമാജം മേളയില്‍ പങ്കെടുത്തിരുന്നു. ഇവരുടെ മെനുവില്‍ കേരളത്തിന്റെ തനതു വിഭവമായ ബീഫും പൊറാട്ടയും ഉള്‍പ്പെടുത്തിയതാണ് ചിലരെ പ്രകോപിപ്പിച്ചത്. ചടങ്ങ് അലങ്കോലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഹിന്ദു തീവ്രവാദ ഗ്രൂപ്പ് രംഗത്ത് വന്നതോടെ മെനു പരിഷ്‌കരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അഭ്യര്‍ത്ഥിച്ചതായി കേരള സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇന്ത്യന്‍ ഫെസ്റ്റിനായി തയ്യാറെടുക്കുന്നതിനിടയില്‍, എല്ലാ ഇന്ത്യന്‍ സംഘടനകളോടും ഓരോ സംസ്ഥാനത്തിന്റെയും പൊതുവായ വിഭവങ്ങള്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മദ്യം ഒഴികെ മറ്റു ഏതു വിഭവവും തയ്യാറാക്കാമെന്നും വ്യക്തമാക്കിയതാണ്. ഇതേ തുടര്‍ന്നാണ് ഫ്രാങ്ക്ഫര്‍ട്ടിലെ കേരള സമാജം കേരളീയര്‍ക്കിടയില്‍ പ്രിയങ്കരമായ ഭക്ഷണം ഉള്‍പ്പെടുത്തി മെനു തയ്യാറാക്കിയത്. എന്നാല്‍ കോണ്‍സുലേറ്റ് മെനു മാറ്റാന്‍ പറഞ്ഞതോടെ, ഉത്തരവാദിത്വ ബോധമുള്ള സാംസ്‌കാരിക സംഘടനയെന്ന നിലയില്‍ സമാധാനാന്തരിക്ഷം കാത്തുസൂക്ഷിക്കാന്‍ കേരള സമാജം അതിന് തയ്യാറാവുകയായിരന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചടങ്ങില്‍ ബീഫ് വിളമ്പുന്നതിന് എതിരെ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതായി പരിപാടിയില്‍ പങ്കെടുത്ത മലയാളി ഡോണി ജോര്‍ജ് പറഞ്ഞു. കേരള സമാജം പരിപാടിയിലെ മെനുവിനെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്ന് ഒരു കൂട്ടം വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവത്രെ. മെനുവില്‍ നിന്ന് ബീഫ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കേരള സമാജം അംഗങ്ങള്‍ പരിപാടി ബഹിഷ്‌കരിച്ചതായും ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം യുവാക്കള്‍ രംഗത്ത് വന്നു. വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും ഭക്ഷണ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനും എതിരെ അവര്‍ ശകത്മായി പ്രതിഷേധിച്ചു. വൈവിധ്യത്തിലും ഭക്ഷ്യസ്വാതന്ത്ര്യത്തിലും ഇന്ത്യയുടെ ഐക്യത്തിന്റെ സന്ദേശം കാണിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.