ഹരിയാന കോണ്‍ഗ്രസ് നേതാവിനെ വധിച്ച ഗുണ്ട അറസ്റ്റില്‍; പിടികൂടിയത് സാഹസികമായി പിന്തുടര്‍ന്ന്

Posted on: September 3, 2019 4:51 pm | Last updated: September 3, 2019 at 4:51 pm

ഫരീദാബാദ്: ഹരിയാന കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരിയെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട സച്ചിന്‍ ഖേരിയെന്ന കുപ്രസിദ്ധ ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച അര്‍ധരാത്രി അരമണിക്കൂറോളം സാഹസികമായി പിന്തുടര്‍ന്നാണ് ഫരീദാബാദിലെ സെക്രിക്കു സമീപം വച്ച് ഇയാളെ പിടികൂടിയതെന്ന് ഒരുന്നത പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഖേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിയാനയിലെ ഗുണ്ടാത്തലവന്‍ കൗഷലിന്റെ വിശ്വസ്തനാണ് 35കാരനായ സച്ചിന്‍ ഖേരി.

ഖേരി ഫരീദാബാദ് ഭാഗത്തുണ്ടെന്ന് അര്‍ധരാത്രി 12.15ഓടെ തങ്ങള്‍ക്ക് വിവരം ലഭിക്കുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ കെ കെ റാവു വെളിപ്പെടുത്തി. ഉടന്‍ ഫരീദാബാദ്, പല്‍വാല്‍ പോലീസ് സംഘത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കുകയും പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ അയക്കുകയുമായിരുന്നു. ഒരുമണിയോടെ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ പോയ ബൈക്ക് യാത്രികനെ പോലീസ് പിന്തുടര്‍ന്നു. ഇതോടെ ഇന്‍സ്‌പെക്ടര്‍ അമിത് ഷിയോകന്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനു നേരെ ബൈക്ക് യാത്രികന്‍ വെടിയുതിര്‍ത്തു. സംഘം തിരിച്ചു വെടിവച്ചപ്പോള്‍ അക്രമിയുടെ കാലിനു പരുക്കേറ്റു. പോലീസ് സംഘം ഇയാളെ വളഞ്ഞ് പിടികൂടിയപ്പോഴാണ് ഖേരിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് റാവു പറഞ്ഞു.

ഗുണ്ടാത്തലവന്‍ കൗഷലിന്റെ വലംകൈയാണ് ഖേരിയെന്ന് പല്‍വാല്‍ പോലീസ് സൂപ്രണ്ടും കൗഷലിനെ പിടികൂടാനായി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗവുമായ നരേന്ദര്‍ ബിജര്‍നിയ വ്യക്തമാക്കി. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി 200ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഖേരി. കൗഷല്‍ ആവശ്യപ്പെട്ട ഒരുകോടി രൂപ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരിയെ ഖേരിയുടെ സംഘം വെടിവച്ചു കൊന്നത്. ജൂണ്‍ 27ന് സെക്ടര്‍ ഒമ്പതിലെ ഒരു ജിംനേഷ്യത്തിന് പുറത്തുവച്ചാണ് ചൗധരിയെ കൊലപ്പെടുത്തിയത്. 2012 മുതല്‍ പോലീസ് ഖേരിയുടെ പിന്നാലെയുണ്ടെന്നും ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.