ടൈറ്റാനിയം അഴിമതിക്കേസ് സി ബി ഐക്കു വിട്ടു

Posted on: September 3, 2019 3:37 pm | Last updated: September 3, 2019 at 8:20 pm

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സി ബി ഐക്ക് വിട്ടു. വിജിലന്‍സ് ശിപാര്‍ശയെ തുടര്‍ന്നാണ് നടപടി. വിദേശ കമ്പനി ഉള്‍പ്പെടുന്ന കേസായതിനാലാണ് സി ബി ഐക്ക് കൈമാറണമെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ഉള്‍പ്പെട്ട കേസ് വിജിലന്‍സാണ് അന്വേഷിച്ചുവന്നിരുന്നത്. ഇവര്‍ക്കു പുറമെ മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊതു മേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്. മെറ്റ്‌കോണ്‍ എന്ന കമ്പനിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാലിന്യ പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഫിന്‍ലന്‍ഡ് ആസ്ഥാനമായ കെമറ്റോ എക്കോ പ്ലാനിംഗ് എന്ന സ്ഥാപനത്തില്‍ നിന്നും 260 കോടി രൂപക്ക് മാലിന്യ സംസ്‌കരണ പ്ലാന്റിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. 86 കോടിയുടെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്‌തെങ്കിലും ഒന്നു പോലും ഇതുവരെ സ്ഥാപിക്കാനായില്ല. ഇടപാടില്‍ 80 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.