കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സി സി ടി വി പ്രവര്‍ത്തിച്ചില്ലെന്ന പോലീസ് വാദം പച്ചക്കള്ളം

Posted on: September 3, 2019 3:37 pm | Last updated: September 3, 2019 at 9:38 pm

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിനെ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ചു കൊന്ന സ്ഥലത്തെയും പരിസരത്തെയും സി സി ടി വി കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പോലീസ് വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. മ്യൂസിയം റോഡ്, രാജ്ഭവന്‍ ഭാഗങ്ങളിലെ ഏഴ് സി സി ടി വി ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംഭവം നടന്ന ദിവസം ഇവ പ്രവര്‍ത്തിച്ചിരുന്നുവെന്നും വിവരാവകാശ രേഖ പറയുന്നു. വെള്ളയമ്പലത്തെ ഒരു കാമറ മാത്രമാണ് പ്രവര്‍ത്തിക്കാതിരുന്നത്. ഇതോടെ കാമറകളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പോലീസ് വാദം കള്ളമാണെന്ന് തെളിഞ്ഞു.

ആഗസ്റ്റ് രണ്ടിന് പുലര്‍ച്ചെ മ്യൂസിയം ഭാഗത്താണ് അപകടം നടന്നത്. രണ്ടിനു തന്നെ സമര്‍പ്പിക്കപ്പെട്ട വിവരാവകാശത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മ്യൂസിയം ഭാഗത്ത് നാലും രാജ്ഭവന്‍ ഭാഗത്ത് രണ്ടും കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നുതന്നെയാണ് രേഖയില്‍ കൃത്യമായി പറഞ്ഞിട്ടുള്ളത്. ഇതില്‍ ഫിക്‌സഡ് കാമറ ഉള്‍പ്പടെയുണ്ട് എന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ കള്ളക്കളികള്‍ പോലീസ് തന്നെ പൊളിക്കുന്ന സ്ഥിതിവിശേഷമാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.

അപകടവുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ മ്യൂസിയം, രാജ്ഭവന്‍ ഭാഗത്തെ കാമറകളില്‍ ഉണ്ടായിട്ടും അത് എന്തുകൊണ്ട് കൃത്യമായി ശേഖരിക്കാന്‍ തയാറായില്ല എന്നത് ശ്രീറാമിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന കാര്യം കൂടുതല്‍ സ്ഥിരീകരിക്കുന്നു. സംഭവം നടക്കുന്ന സമയത്ത് കമ്മീഷണറുടെ ചുമതല വഹിച്ചിരുന്ന സഞ്ജയ് ഗുരിഡിന്‍ ഉള്‍പ്പടെ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും ഇത് തെളിയിക്കുന്നു.

അപകടമുണ്ടായ ഉടന്‍ ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നും ഈ ഭാഗങ്ങളിലെല്ലാം കാമറ തകരാറിലാണെന്നും പറഞ്ഞ് പോലീസ് ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെട്ടിടും ഇത് പരിശോധിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.